നെല്ലിയാമ്പതി: നെല്ലിയാന്പതിയിൽ കൗതുകക്കാഴ്ചയായി സിംഹവാലൻ കുരങ്ങുകൾ. പശ്ചിമഘട്ടത്തിലെ നിത്യഹരിത മഴക്കാടുകളിൽമാത്രം കാണപ്പെടുന്ന അപൂര്‍വ വന്യജീവികളിലൊന്നാണ് സിംഹവാലന്‍ കുരങ്ങുകൾ.
സാധാരണ മനുഷ്യസാന്നിധ്യം ഒഴിവാക്കി കാടിന്റെ ഉയർന്ന മരച്ചില്ലകളില്മാത്രം സഞ്ചരിക്കുന്ന ഈ അപൂര്‍വ ജീവിവര്‍ഗം ഇപ്പോള്‍ ചുരംറോഡരികില് കൂട്ടമായെത്തുന്നുണ്ട്.
ചെറുനെല്ലിക്കും അയ്യപ്പന്തിട്ടിനും ഇടയിലുള്ള നിത്യഹരിത ചോലവനമേഖലയില് കഴിഞ്ഞ ഏതാനും മാസങ്ങളായി സിംഹവാലന്‍ കുരങ്ങുകളുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നുണ്ട്.
വാഹനങ്ങള്‍ എത്തുമ്പോള്‍ മറ്റു കുരങ്ങുകളെപ്പോലെ ഭയമില്ലാതെ റോഡരികിലിരുന്ന് ഭക്ഷണത്തിനായി കാത്തുനില്ക്കുന്നതും വാഹനം നിര്‍ത്തിയാല്‍ അടുത്തേക്കെത്തി ഇരുകാലില്‍ നില്‍ക്കെ യാചിക്കുന്നതും പലർക്കും കാണാക്കാഴ്ചയാണ്.
ഏകദേശം ഇരുപതോളം അംഗങ്ങളുള്ള സംഘങ്ങളായി ഇവ റോഡരികില്‍ പതിവായി കാണപ്പെടുന്നതായാണ് നാട്ടുകാരും ഡ്രൈവര്‍മാരും പറയുന്നത്.
യാത്രക്കാരില്‍നിന്ന് സിംഹവാലൻ കുരങ്ങുകൾ ഭക്ഷണം തേടുന്നത് വന്യജീവി പ്രേമികളെയും ഗവേഷകരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുമുണ്ട്.
വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്കരുതെന്നു വനംവകുപ്പ് ചെക്ക്പോസ്റ്റുകളില്തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും പല വിനോദസഞ്ചാരികളും പഴം, ബിസ്കറ്റ്, ചിപ്സ് തുടങ്ങിയ മനുഷ്യഭക്ഷണങ്ങള് കുരങ്ങുകള്‍ക്കു നല്‍കുന്നത് പതിവായിരിക്കുകയാണ്.
ഇതോടെ ഓരോ വാഹനവും കടന്നുപോകുമ്പോഴും അതിന് പിന്നാലെ ഓടിയെത്തി ഭക്ഷണം പ്രതീക്ഷിച്ച് നില്ക്കുന്ന ശീലം ഇവയ്ക്കിടയില്‍ രൂപപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. സാധാരണയായി സിംഹവാലന്‍ കുരങ്ങുകള്‍ മനുഷ്യരെ കണ്ടാല്‍ സംഘനേതാവിന്റെ ശബ്ദസൂചനകള്‍ അനുസരിച്ച് മരച്ചില്ലകളിലേക്കോ ഇലപ്പടര്പ്പുകളിലേക്കോ മറഞ്ഞുപോകുന്നവയാണെന്നു വനംവകുപ്പ് അധികൃതർ പറയുന്നു.
എന്നാല്‍ നെല്ലിയാമ്പതിയിലെ സിംഹവാലൻസംഘം മനുഷ്യസാന്നിധ്യത്തോട് അസാധാരണമായ അടുപ്പം പ്രകടിപ്പിക്കുന്നതായാണ് വന്യജീവി നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പൂക്കളിലെ തേന്‍, കാട്ടുപഴങ്ങള്‍, മുള്ളന്‍ചക്ക എന്നിവയാണ് സിംഹവാലന്‍ കുരങ്ങുകളുടെ പ്രധാന സ്വാഭാവിക ആഹാരം. മനുഷ്യഭക്ഷണങ്ങളോടു അമിതമായി അടുപ്പപ്പെടുന്നത് ഇവയുടെ വന്യസ്വഭാവത്തെയും സ്വാഭാവിക ഭക്ഷണശീലങ്ങളെയും ബാധിക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്കുന്നു.
മനുഷ്യരെ ആശ്രയിക്കുന്ന പ്രവണത വര്‍ധിച്ചാല്‍ കാട്ടിനുള്ളിലെ സ്വതന്ത്ര സഞ്ചാരവും ഭക്ഷണശേഖരണ രീതികളും മാറിപ്പോകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പശ്ചിമഘട്ടത്തിലെ അതീവ സംരക്ഷണം ആവശ്യമായ ജീവിവര്‍ഗങ്ങളില്‍ ഉള്‍പ്പെടുന്ന സിംഹവാലന്‍ കുരങ്ങുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയും പെരുമാറ്റവും സംരക്ഷിക്കേണ്ടതു അത്യാവശ്യമാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ഓർമിപ്പിക്കുന്നു.
വിനോദസഞ്ചാരികള്‍ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്കാതിരിക്കാന് കര്‍ശന നിയന്ത്രണവും ബോധവത്കരണവും ശക്തമാക്കണമെന്നും നെല്ലിയാന്പതിക്കാർ ആവശ്യപ്പെടുന്നു.
ജോജി തോമസ്
