നിങ്ങളാണോ ആതിര…ഫോട്ടോയില്‍ കാണുന്ന പോലെയൊന്നും അല്ലല്ലോ ! പോലീസിനെതിരേ ഗായിക മനുഷ്യാവകാശ കമ്മീഷനിലേക്ക്…

കോഴിക്കോട്: പോലീസുകാരന്‍ ഫഌറ്റ് എടുത്ത് നല്‍കിയതിന്റെ പേരില്‍ അന്വേഷണത്തിനെത്തിയ സ്‌പെഷല്‍ ബ്രാഞ്ച് അസി.കമ്മീഷണര്‍ അപമാനിച്ചെന്ന പരാതിയുമായി ഗായിക മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നു.

നടക്കാവ് സ്‌കൂളിലെ കൗണ്‍സിലറും ഗായികയുമായ ആതിരയാണ് അസി. കമ്മീഷണറുടേയും ആഭ്യന്തരവകുപ്പിന്റെയും നടപടിക്കെതിരേ നീതി തേടി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നത്.

ഫഌറ്റ് എടുത്തു നല്‍കിയതിന്റെ പേരില്‍ സിവില്‍ പോലീസ് ഓഫീസറെ സസ്പഷന്റ് ചെയ്തുകൊണ്ടുള്ള ആഭ്യന്തരവകുപ്പിന്റെ ഉത്തരവില്‍ വരെ ‘സദാചാര’ വാക്കുകള്‍ എഴുതി ചേര്‍ത്ത സംഭവം പോലീസിനുള്ളിലും സമൂഹത്തിലും ഏറെ ചര്‍ച്ചയായി മാറിയിരുന്നു.

സ്ത്രീ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുന്ന സര്‍ക്കാരിനെ വരെ പ്രതികൂട്ടിലാക്കുന്നതാണ് ഈ നടപടിയെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.

യുവതിയെ അപമാനിക്കും വിധത്തില്‍ ഗുരുതരമായ കൃത്യനിര്‍വഹണം നടത്തിയെന്ന പരാതി ഉയര്‍ന്നിട്ടും മേലധികാരികള്‍ അസി.കമ്മീഷണര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ല.

ഈ സാഹചര്യത്തിലാണ് ആതിര മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നത്. നിലവില്‍ ഉത്തരമേഖലാ ഐജിക്കു പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടില്ലെന്നാണ് വിവരം.

പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് ആതിര ആതിരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…ഫേസ്ബുക്ക് പോസ്റ്റ്: 31 വയസ് പ്രായമുള്ള ഞാന്‍ സിവില്‍ സ്റ്റേഷനു സമീപം ഫഌറ്റില്‍ തനിച്ചാണ് താമസം.

ഗായികയും മ്യൂസിക് കംപോസറുമായതിനാല്‍ പാട്ടുകള്‍ ചെയ്യുന്നത് സംബന്ധിച്ച് ഞാനും കുടുംബാംഗങ്ങളും തമ്മിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് നാലു മാസത്തോളമായി ഒരു ഫഌറ്റ് വാടകക്കെടുത്തു താമസിക്കുന്നത്.

വിവിധ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഫഌറ്റ് കണ്ടെത്തിയതും അഡ്വാന്‍സ് നല്‍കിയതും താമസം തുടങ്ങിയതും. സപ്തംബര്‍ എട്ടിന് ഞാന്‍ തനിച്ച് താമസിക്കുന്ന ഫഌറ്റില്‍ സ്‌പെഷല്‍ ബ്രാഞ്ച് എസിപി എന്ന് പരിചയപ്പെടുത്തി സുദര്‍ശന്‍ സാറും നാരായണന്‍ എന്ന് പരിചയപ്പെടുത്തിയ മറ്റൊരു സാറും വരികയും നിങ്ങളാണോ ആതിര ഫോട്ടോയില്‍ കാണുന്ന പോലെയൊന്നും അല്ലല്ലോ’ എന്ന് എന്നെ ഇന്‍സള്‍ട്ട് ചെയ്യുന്ന തരത്തില്‍ എസിപി കമന്റ് പറയുകയും ചെയ്തു.

എനിക്കെതിരെ ഒരു പരാതി കിട്ടിയിട്ടുണ്ടെന്നും അതന്വേഷിക്കാനാണ് വന്നതെന്നും പറഞ്ഞു. എന്താണ് പരാതി എന്നോ ആരാണ് പരാതി തന്നതെന്നോ പറഞ്ഞിട്ടില്ല.

ഒരു വനിതാ പോലീസുകാരി പോലും കൂടെയില്ലാതെ, യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ഞാന്‍ തനിച്ച് താമസിക്കുന്ന ഫഌറ്റില്‍ കയറി എന്നെ ചോദ്യം ചെയ്തു മൊഴിയെടുത്തു.

ഞാന്‍ പറഞ്ഞ പല മറുപടികളും രേഖപ്പെടുത്താതെ എസിപി അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരമാണ് മിക്ക കാര്യങ്ങളും മൊഴിയായി രേഖപ്പെടുത്തിയത്. രണ്ട് പുരുഷ പോലീസുകാര്‍ മാത്രം വന്ന് ഭയപ്പെടുത്തിയതിനാല്‍ ഞാന്‍ ഒപ്പിട്ടു നല്‍കുകയായിരുന്നു.

മൊഴിയെടുത്തതിന്റെ പകര്‍പ്പ് എനിക്ക് നല്‍കിയിരുന്നില്ല. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണറെ വിളിച്ച് മൊഴി പകര്‍പ്പ് തരാനുള്ള നടപടി സ്വീകരിക്കണമെന്നഭ്യര്‍ഥിച്ചപ്പോഴും ‘എന്‍ക്വയറി കഴിഞ്ഞിട്ടേ തരാന്‍ പറ്റൂ’ എന്ന് തന്നെ പറഞ്ഞു.

തുടര്‍ന്ന് ഡിസിപി സുജിത് ദാസിനെ വിളിച്ച് പരാതി പറഞ്ഞു. പിറ്റേ ദിവസമാണ് മൊഴിയുടെ പകര്‍പ്പ് ലഭിച്ചത്. മൊഴി വായിച്ച് നോക്കിയപ്പോള്‍, ഞാന്‍ പറഞ്ഞ കാര്യങ്ങളെ ഒഴിവാക്കിക്കൊണ്ട് പരാതിക്കാരിക്ക് അനുകൂലമായ രീതിയില്‍ അവരുടെ വാക്കുകള്‍ ഉപയോഗിച്ച് എന്റെ മൊഴിയായി രേഖപ്പെടുത്തിയിരിക്കയാണ്.

കോഴിക്കോട്ട് സിറ്റി പോലീസ് കമ്മീഷണര്‍ പുറത്തുവിട്ട, ഉമേഷ് വള്ളിക്കുന്നിനെ സസ്‌പെന്‍ഡ് ചെയ്തതായുള്ള ഉത്തരവില്‍ എന്നെ അങ്ങേയറ്റം അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണുള്ളത്.

31 വയസ്സുള്ള എനിക്ക് എന്റെ ഇഷ്ടപ്രകാരം തനിയെ ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യവും കഴിവും ഉണ്ട്. സ്വന്തം നിലയില്‍ വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്ന എന്നെ മറ്റൊരാള്‍ താമസിപ്പിച്ചതാണെന്നും അയാള്‍ ഇവിടെ നിത്യ സന്ദര്‍ശകനാണെന്നും മറ്റും ഒരു ജില്ലാ പോലീസ് മേധാവി എഴുതിയുണ്ടാക്കി എന്റെ സുഹൃത്തായ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തിരിക്കയാണ്.

Related posts

Leave a Comment