വിവാഹം പ്രഖ്യാപിച്ചുകഴിഞ്ഞുള്ള വിവാദങ്ങള്‍ക്കും ട്രോമയ്ക്കും ശേഷം ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ദാന കളത്തിലേക്കു തിരിച്ചെത്തുന്ന പരമ്പരയാണ് ശ്രീലങ്കയ്ക്കെതിരേ നടക്കാനിരിക്കുന്നത്. നവംബര്‍ 23നായിരുന്നു സ്മൃതി മന്ദാനയും ഏറെനാളായി പ്രണയത്തിലായിരുന്ന സംഗീതജ്ഞന് പലാഷ് മുച്ചാലും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്.
എന്നാല്‍, പലാഷിന്റെ വഴിവിട്ട മൊബൈൽ ചാറ്റ് പുറത്തുവന്നതോടെ വിവാഹം മുടങ്ങി. സ്മൃതിയുടെ പിതാവ് ആശുപത്രിയിലായതിനാല്‍ വിവാഹം നീട്ടിവച്ചതായായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത.
സ്മൃതിയെ പ്രതിസന്ധിഘട്ടത്തില്‍ സഹായിക്കാനായി സഹതാരം ജെമീമ റോഡ്രിഗസ് ഓസ്ട്രേലിയന്‍ ബിഗ് ബാഷ് വനിതാ ട്വന്റി-20 മത്സരങ്ങള്‍ ഉപേക്ഷിച്ചെത്തിയതും വാര്‍ത്തയില്‍ നിറഞ്ഞു. ഒടുവില്‍, വിവാഹം മുടങ്ങിയിരിക്കയാണെന്നും മുന്നോട്ടുപോകേണ്ട സമയമായെന്നും ഇരു കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നുമുള്ള പ്രസ്താവനയോടെ സ്മൃതി കാര്യങ്ങള്‍ക്കു വിരാമമിട്ടു.
