കോട്ടയം: തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉടമസ്ഥതയിലുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കാലപ്പഴക്കം തെരഞ്ഞെടുപ്പുകള്‍ അലങ്കോലമാക്കുന്നു. ഇന്നലെ ജില്ലയിലെ വിവിധ ബൂത്തുകളിലായി നൂറിലേറെ യന്ത്രങ്ങളാണു തകരാറിലായത്.
വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിച്ചശേഷം കേടുള്ളവ നന്നാക്കാതെ സ്ട്രോംഗ് റൂമില്‍ വയ്ക്കുകയാണു പതിവ്.കേടുപാടുള്ളവ നന്നാക്കിയാല്തന്നെ പലപ്പോഴും തുടര്‍ പരിശോധന നടത്താതെയാണു വീണ്ടും ഉപയോഗിക്കുക.
ഒന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള യന്ത്രങ്ങളാണ് ഇപ്പോഴും ബൂത്തുകളിലെത്തിക്കുന്നത്. ബൂത്തുകളില്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് യന്ത്രം കേടാകുന്ന സാഹചര്യത്തില്‍ വലിയ ആശങ്കയാണുണ്ടാകുക.
കേടായ യന്ത്രത്തിലെ വോട്ടുകളെ ചൊല്ലി ബഹളം പതിവാണ്. എത്ര വോട്ടുകള്‍ പോള്‍ ചെയ്തു എന്നതുള്‍പ്പെടെ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വേണം കേടായ യന്ത്രം സീല്‍ ചെയ്ത് മാറ്റാന്‍. പോളിംഗ് വൈകുംതോറും വിദൂരങ്ങളില്‍നിന്നു ചുമതലക്കാരായി എത്തുന്ന വനിതാ ജീവനക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
