ഗ്രേറ്റർ നോയിഡയിലെ സെക്ടർ ബിറ്റ 1 ൽ റോഡരികിൽ മാലിന്യം തള്ളിയ വ്യക്തിക്ക് സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ച് നൽകിയ വേറിട്ട പാഠം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സിസിടിവി ക്യാമറയിലൂടെ മാലിന്യം തള്ളുന്നത് കണ്ട അധികൃതർ, പബ്ലിക് അനൗൺസ്മെന്റ് സിസ്റ്റത്തിലൂടെ (ലൗഡ്സ്പീക്കർ) ഉടൻതന്നെ ഇയാളോട് മാലിന്യം തിരികെ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഒക്ടോബർ 9ന് രാത്രി 10:15 ഓടെയാണ് സംഭവം നടന്നത്. കുട്ടിയുമായി എത്തിയ ഒരു റെസിഡന്റ് സെക്ടറിലെ ഒരു ചുവരിനോട് ചേർന്ന് മാലിന്യം തള്ളാൻ ശ്രമിക്കുന്നത് സെക്ടറിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞു.
ഇത് നിരീക്ഷിച്ചുകൊണ്ടിരുന്ന റസിഡൻസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹി ഉടൻ തന്നെ പബ്ലിക് അഡ്രസ് സിസ്റ്റം വഴി ഇയാളോട് ചോദ്യങ്ങൾ ചോദിക്കുകയും മാലിന്യം ഉടൻ തന്നെ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.
തുടക്കത്തിൽ ശബ്ദം എവിടെനിന്നാണ് വരുന്നതെന്ന് അറിയാതെ അമ്പരന്നുപോയ ഇയാൾ ചുറ്റും നോക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. രാവിലെ പിഴയീടാക്കുമെന്ന് വീണ്ടും മുന്നറിയിപ്പ് നൽകിയതോടെ, യാതൊരു നിവൃത്തിയുമില്ലാതെ ഇയാൾ മാലിന്യം തിരികെ എടുത്ത് മടങ്ങിപ്പോകുകയായിരുന്നു.
സെക്ടറിലെ ശുചിത്വം ഉറപ്പാക്കുന്നതിനായി ആർഡബ്ല്യുഎയുടെ നേതൃത്വത്തിൽ പ്രദേശത്ത് വ്യാപകമായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ നിരീക്ഷിക്കാനും കർശന നടപടികൾ സ്വീകരിക്കാനുമാണ് ഈ സംവിധാനമെന്ന് ആർഡബ്ല്യുഎ ജനറൽ സെക്രട്ടറി വ്യക്തമാക്കി.
ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടതോടെ, പൊതുസ്ഥലങ്ങളുടെ ശുചിത്വം സംരക്ഷിക്കുന്നതിൽ ഇത്തരം നൂതന മാതൃകകൾ വലിയ തോതിൽ പ്രശംസ പിടിച്ചുപറ്റുകയാണ്.
