തമിഴ്നാട് തൂത്തുക്കുടി ജില്ലയിൽ ചായക്കടയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കിലിരിക്കുകയായിരുന്ന യുവാവിന് നേരെ അമിതവേഗതയിൽ പാഞ്ഞെത്തിയ ആഡംബര കാറിന്റെ ഇടി. ഇടിയുടെ ആഘാതത്തിൽ യുവാവ് ബൈക്കിൽ നിന്നും തെറിച്ചുവീണെങ്കിലും അത്ഭുതകരമായി പരിക്കുകളൊന്നുമില്ലാതെ രക്ഷപെട്ടു.
മണിനഗർ നദീതീര പാലത്തിന് സമീപത്തുള്ള ഒരു ചായക്കടയ്ക്ക് മുന്നിലാണ് സംഭവം. മുത്താരമ്മൻ ക്ഷേത്രത്തിലേക്ക് എത്തിയ ഭക്തർ തങ്ങളുടെ ഇരുചക്ര വാഹനങ്ങൾ കടയ്ക്ക് മുന്നിൽ നിർത്തി വിശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
കടയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ഒരു ബൈക്കിൽ യുവാവ് ഇരിക്കുമ്പോൾ, അമിതവേഗതയിലെത്തിയ ആഡംബര കാർ അതിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പെട്ടെന്നുള്ള ആഘാതത്തിൽ ബൈക്ക് മുന്നോട്ട് തെറിക്കുകയും, ഇരുന്ന യുവാവ് റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. മറ്റൊരു കോണിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ, കാറിടിച്ചതിനെത്തുടർന്ന് തെറിച്ചുവീണ ബൈക്ക് കടയ്ക്കുള്ളിലിരുന്ന മറ്റൊരു വ്യക്തിയുടെ മേലേക്ക് ചെന്നടിക്കുന്നതും കാണാം. വലിയ രീതിയിലുള്ള പരിക്കുകൾക്ക് സാധ്യതയുണ്ടായിരുന്നെങ്കിലും രണ്ടുപേരും പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു.
അപകടം നടന്നയുടൻ സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി യുവാവിനെ സഹായിക്കുകയും തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നാടകീയമായ രീതിയിൽ ബൈക്കിൽ നിന്നും തെറിച്ചുവീണിട്ടും വലിയ അപകടമൊന്നുമില്ലാതെ അദ്ദേഹം രക്ഷപെട്ടത് ആശ്വാസമായി. സംഭവത്തിൽ മറ്റാർക്കെങ്കിലും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
