ഡൽഹി കണാട്ട് പ്ലേസിന് സമീപം നടന്ന പ്രതിഷേധത്തിനിടയിൽ പ്രശസ്ത യൂട്യൂബർ നിഖിൽ വർമയെ (ചോട്ട ചേതൻ) റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥൻ കയ്യിലെടുത്ത് മാറ്റുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഉദ്യോഗസ്ഥന്റെ സൗമ്യമായ പെരുമാറ്റവും ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണവുമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘കോക്രോച്ച് ജനതാ പാർട്ടി’ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലാണ് ഒക്ടോബർ 10ന് നിഖിൽ കസ്റ്റഡിയിലായത്. കണാട്ട് പ്ലേസിലെ തെരുവുകളിലൂടെ പോലീസ് ഉദ്യോഗസ്ഥർ പിന്നാലെ ഓടുമ്പോൾ നിഖിൽ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കം.
ഒടുവിൽ ആർഎഫ് ഉദ്യോഗസ്ഥൻ നിഖിലിനെ പിടികൂടുകയും, യാതൊരുവിധ പ്രതിരോധത്തിനും നിൽക്കാതെ നിഖിൽ അത് ചിരിച്ചുകൊണ്ട് സ്വീകരിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥൻ അദ്ദേഹത്തെ വാരിയെടുത്ത് കൊണ്ടുപോകുമ്പോൾ, “ഒടുവിൽ പോലീസ് എന്നെ പിടികൂടിയിരിക്കുന്നു” എന്നാണ് നിഖിൽ തമാശയായി പറഞ്ഞത്. ഇതിന് മറുപടിയായി “നീ വലിയ വൈറലാണല്ലോ അല്ലേ?” എന്ന് ഉദ്യോഗസ്ഥൻ ചിരിച്ചുകൊണ്ട് ചോദിക്കുന്നത് വീഡിയോയിൽ കാണാം.
ഉദ്യോഗസ്ഥൻ നിഖിലിനെ താഴെയിറക്കി സഹപ്രവർത്തകരോട് “ഇവനെ കസ്റ്റഡിയിലെടുത്തിരിക്കുന്നു” എന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. മാധ്യമപ്രവർത്തകർ അനുഭവം എന്താണെന്ന് ചോദിച്ചപ്പോൾ, “പോലീസ് വളരെ സ്നേഹത്തോടെയാണ് എന്നെ പിടികൂടിയത്” എന്നാണ് നിഖിൽ പുഞ്ചിരിയോടെ പ്രതികരിച്ചത്. തുടർന്ന് ഡൽഹി പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന് കുടിവെള്ളം നൽകുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനരവലോകനവുമായി ബന്ധപ്പെട്ട പരാതികളും ക്രമക്കേടുകളും ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള നിഖിൽ വർമ്മയുടെ ഈ രസകരമായ കസ്റ്റഡി വീഡിയോ വലിയ രീതിയിലാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.
