പൗരബോധം എന്നത് ഒരു മനുഷ്യന് വേണ്ട അത്യന്താപേക്ഷിത സ്വഭാവ ഗുണമാണ്. എന്ത് എപ്പോൾ എങ്ങനെ പെരുമാറണമെന്നുള്ള സാമാന്യ ബോധം മനുഷ്യന് വേണം. അതില്ലാത്തപക്ഷം വിളിച്ച് വരുത്തുന്ന പ്രശ്നങ്ങൾ വലുതാണ്.
കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ സോഫ്റ്റ് ഡ്രിങ്ക് കുപ്പികളുമായി പോയ ഒരു ട്രക്ക് മറിഞ്ഞു. അതിൽ ഉണ്ടായിരുന്ന കുപ്പികളെല്ലാം റോഡിൽ നിരന്നു വീണു. ഇത് കണ്ട് അത് വഴി പോയ ആളുകളെല്ലാം ഒത്തുകൂടി. എന്നാൽ വന്നവരെല്ലാം വീണ് കിടക്കുന്നത് മദ്യക്കുപ്പി ആണെന്ന് ധരിച്ചാണ് എത്തിയത്. ആക്സിഡന്റ് സംഭവിച്ച് റോഡിൽ കിടക്കുന്ന ഡ്രൈവറെ ആരും തന്നെ മൈൻഡ് ചെയ്തില്ല. പകരം എത്തിയവരൊക്കെ കുപ്പി പെറുക്കുന്ന തിരക്കിലായിരുന്നു.
കുപ്പിയെങ്കിൽ കുപ്പി എന്ന് കരുതി കൈയിൽ കിട്ടിയ കുപ്പിയുമായി ആളുകൾ സ്ഥലം വിട്ടു. ഒടുവിൽ സംഭവം അറിഞ്ഞ് പോലീസ് എത്തുന്നതുവരെ ഡ്രൈവർ അപകട സ്ഥലത്ത് കിടന്നു. അവസാനം പോലീസെത്തിയാണ് പ്രാഥമിക ശുശ്രൂഷ പോലും കൊടുത്തത്.
അപകടം സംഭവിച്ച് ഒരു മനുഷ്യൻ റോഡിൽ സഹായത്തിനായി കേഴുന്പോൾ അയാളെ നോക്കാതെ കുപ്പി പെറുക്കാൻ ഓടിയെത്തിയ ആളുകളുടെ മനസ് എന്ത് വൃത്തികെട്ടതാണെന്ന് സൈബറിടം ഒന്നാകെ പരിഹസിച്ചു.
