കണ്ണൂര്‍: സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ എംഎല്‍എയുടെ ഫണ്ട് വെട്ടിപ്പിന്റെ കഥകള്‍ വെളിപ്പെടുത്തിയ ജില്ലാകമ്മിറ്റിയംഗവും മുതിര്‍ന്ന സിപിഎം പ്രവര്‍ത്തകനുമായ വി.കുഞ്ഞികൃഷ്ണന് സിപിഎമ്മിലെ ചില നേതാക്കളുടെ രഹസ്യപിന്തുണയും. സിപിഎമ്മിന്റെ ചില സംസ്ഥാനതല നേതാക്കളും വലിയൊരു വിഭാഗം അണികളും കുഞ്ഞികൃഷ്ണന് നല്കുന്ന പിന്തുണയാണ് വിവാദ വെളിപ്പെടുത്തലിന് പിന്നിലെന്നാണ് പുറത്തു വരുന്ന വിവരം.
പയ്യന്നൂരിന് സമാനമായ ചില സംഭവ വികാസങ്ങള്മൂലം സിപിഎം ബന്ധമുപേക്ഷിക്കുന്ന നേതാക്കളുള്‍പ്പെടെയുള്ളവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിക്കകത്തെ ശുദ്ധീകരണം ലക്ഷ്യമാക്കിയുള്ള വെളിപ്പെടുത്തല്‍. പശ്ചിമ ബംഗാളിന്റെ ആവര്‍ത്തനം കേരളത്തിലുണ്ടാവരുതെന്ന കുഞ്ഞികൃഷ്ണന്റെ ആഗ്രഹവും വ്യക്തമാക്കുന്നത് ഇതുതന്നെയാണ്. വിവിധ കമ്മിറ്റികളിലുന്നയിച്ചിട്ടും ഫലമില്ലാതെവന്നപ്പോഴാണ് വെളിപ്പെടുത്തലിന് മുതിരേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. താൻ വേറൊരു പാർട്ടിയിലേക്കും പോകില്ലെന്നും ആരും തന്നെ ക്ഷണിക്കാൻ വരേണ്ടന്നും വ്യക്തമാക്കിയതിലൂടെ പാർട്ടിക്കകത്ത് നിന്ന് പോരാടാനാണ് കുഞ്ഞികൃഷ്ണന്റെ തീരുമാനം.
സഹകരണ ജീവനക്കാരുടെ സംഭാവനയായി നല്കിയ ഒരുമാസത്തെ വേതനമായ 70 ലക്ഷം രൂപ കാണാതായതും രക്തസാക്ഷി കുടുംബത്തെ സഹായിക്കാനായി സാധാരണക്കാര്‍ നല്കിയ സംഭാവനകളില്‍ വെട്ടിപ്പ് നടത്തിയതും സഹകരണ സ്ഥാപനത്തിന് വന്‍തുകകൊടുത്ത് കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിക്കാനാവാത്ത സ്ഥലം വാങ്ങിയതിലെ വെട്ടിപ്പുകളും നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്.
തെരഞ്ഞെടുപ്പ് ഫണ്ട് പിരിവിനായി മറ്റൊരു പ്രസില്‍നിന്നു പ്രിന്റ് ചെയ്ത രസീതിന്റെ ഫോട്ടോയുള്‍പ്പെടെ വാര്‍ത്തകളില്‍ വന്നിരുന്നു. ആ വാര്‍ത്തകളെല്ലാം കെട്ടിച്ചമച്ച മാധ്യമസൃഷ്ടികളാണെന്നും പാര്‍ട്ടിയുടെ പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കീഴ്ഘടകങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും പ്രസ്താവന നല്‍കുകയും ചെയ്ത പാര്‍ട്ടി നേതൃത്വമാണ് ഇപ്പോള്‍ ജില്ലാക്കമ്മിറ്റിയംഗത്തിന്റെ വെളിപ്പെടുത്തലില്‍ വെട്ടിലായത്.
സംസ്ഥാനതലത്തില്‍ത്തന്നെ പാര്‍ട്ടി നേതൃത്തോട് അതൃപ്തിയുള്ള ചില ഉന്നത നേതാക്കളുമായി ബന്ധപ്പെട്ട ശേഷമാണ് കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയതെന്നും സൂചനയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥി നിര്‍ണയം നടന്നുവരുന്ന ഘട്ടത്തിലാണ് നിലവിലുള്ള എംഎല്‍എയെ ലക്ഷ്യമാക്കിയുള്ള വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്.
നാളെ സിപിഎം ജില്ലാ കമ്മിറ്റിയും അടുത്ത ദിവസം പയ്യന്നൂര്‍ എരിയ കമ്മിറ്റിയും ചേരുമെന്നറിയുന്നു. ജില്ലാ കമ്മിറ്റിയോഗത്തില്‍ കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള തീരുമാനമുണ്ടാകുമെന്നും അത് ഏരിയ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നുമാണ് സൂചന. ഇന്നലെ സ്വകാര്യ ചാനലില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയുള്ള കുഞ്ഞികൃഷ്ണന്റെ അഭിമുഖം വന്നതിനുപിന്നാലെ ഇതെല്ലാം തള്ളിക്കൊണ്ടുള്ള ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന വന്നിരുന്നു.
എന്നാല്‍, പ്രസ്താവനയല്ല വെളിപ്പെടുത്തല്‍ വസ്തുതാ വിരുദ്ധമാണെങ്കിൽ കുഞ്ഞികൃഷ്ണനെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണിപ്പോള്‍ ശക്തമായിരിക്കുന്നത്. കുഞ്ഞികൃഷ്ണനെതിരെ ഒറ്റുകാരനെ നാട് തിരിച്ചറിയുമെന്നും മറ്റുമെഴുതിയ ഫ്ലക്സ് ബോര്‍ഡ് പ്രചരണങ്ങള്‍ കാറമേല്‍, വെള്ളൂര്‍, പെരുമ്പ ഭാഗങ്ങളില്‍ ഇന്നലെ രാത്രിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
