കണ്ണൂര്‍: കുറേക്കാലമായി പയ്യന്നൂരില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന വിഷയങ്ങളാണ് താനെഴുതുന്ന ” നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്കതത്തിലുള്ളതെന്ന് സിപിഎം ജില്ലാക്കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്. ഇതോടെ തെരഞ്ഞെടുപ്പിന് മുമ്പായി പയ്യന്നൂരില്‍ വീഴുന്ന ബോംബായി പുസ്തകം മാറുമെന്നാണ് വിലയിരുത്തല്‍.
പയ്യന്നൂരിലെ വിഭാഗീയത, സാമ്പത്തിക ക്രമക്കേടുകള്‍, തദ്ദേശ തെരഞ്ഞെടുപ്പ് തുടങ്ങിയവയാണ് പുസ്തകത്തിലുള്ളതെന്ന് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ കുഞ്ഞികൃഷ്ണന് പറയുന്നു. മേല്പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിച്ച പാര്‍ട്ടി നേതൃത്വത്തിന്റെ വായടപ്പിക്കാന്‍ തെളിവുകളുള്‍പ്പെടെയുള്ള കൃത്യമായ കണക്കുകളായിരിക്കും പുസ്തകത്തിലൂടെ പുറത്ത് വരുന്നതെന്ന സൂചനയാണ് കുഞ്ഞികൃഷ്ണന് നല്‍കുന്നത്.
അടുത്തയാഴ്ച പുസ്തകം പുറത്തിറങ്ങുമെന്ന് പറയുന്ന കുഞ്ഞികൃഷ്ണന് ഇതോടെ പാര്‍ട്ടിക്കകത്ത് താന്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ നേരിട്ട് ജനങ്ങളോട് സംവദിക്കുന്ന അവസ്ഥയാണുണ്ടാകുക.പയ്യന്നൂരിലെ നേതൃത്വം തെറ്റിലേക്കു പോകുന്നു എന്ന ബോധ്യത്തിലാണ് പാര്‍ട്ടിക്കകത്ത് സമരം ചെയ്തിട്ടും ഫലമില്ലാതെ വന്നപ്പോള്‍ മാധ്യമങ്ങളെ കാണാനിടയാക്കിയതെന്ന് സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണന് പറയുന്നു.
ഇക്കാര്യങ്ങള്‍ സംബന്ധിച്ച് താനെഴുതുന്ന പുസ്തകത്തിന്റെ പേരുതന്നെ നേതൃത്വത്തെ അണികള്‍ തിരുത്തണം എന്നാണ്. ഇത് താന്‍ പറഞ്ഞ കാര്യമല്ലെന്നും പാര്‍ട്ടിയുടെ തെറ്റുതിരുത്തല്‍ രേഖയില്‍ പറയുന്ന കാര്യമാണെന്നും കുഞ്ഞികൃഷ്ണന് പറയുന്നു.
രക്തസാക്ഷി കുടുംബത്തിന് വീട് നിര്‍മിക്കാനായി ചെലവായതെന്ന കണക്കിലുള്ളത് മുപ്പത്തിനാലേകാല്‍ ലക്ഷം രൂപയാണ്. എന്നാല്‍, കരാറുകാരന് നല്‍കിയത് 29.5 ലക്ഷം രൂപയുടെ ചെക്കാണ്. ബാക്കി പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്കാണ് പോയത്. ഇത്തരം ഫണ്ട് വെട്ടിപ്പുകളുടെ കഥയുള്‍പ്പെടെയുള്ള പുസ്തകം പുറത്തുവരുമ്പോള്‍ തന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയേക്കുമെന്ന സൂചനയും ഇദ്ദേഹം നല്കുന്നു.
