ഇന്ത്യയിലെ ശ്രദ്ധേയമായ ടെക്‌നോളജി സ്ഥാപനമായ സോഹോയുടെ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു ഇന്ത്യക്കാരുടെ തൊഴില്‍ സംസ്‌കാരത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഇന്ത്യന്‍ തൊഴിലാളികള്‍ വിദേശത്തെ കമ്പനികളിലെ നേതൃനിരയിലേക്ക് അനായാസം എത്തുന്നത് എങ്ങനെയാണ് എന്നതിനെ സംബന്ധിച്ചുള്ള അഭിപ്രായപ്രകടനമാണ് അദ്ദേഹം നടത്തിയത്.
ഇന്ത്യക്കാരുടെ സ്വതസിദ്ധമായ വിശ്വസ്തതയാണ് ഉയരങ്ങള്‍ കീഴടക്കാന്‍ അവര്‍ക്ക് സഹായകരമാകുന്നതെന്നാണ് വെമ്പു പറഞ്ഞത്.
ജീവിതത്തില്‍ വിജയിച്ചുകയറാനും മറ്റുള്ളവരുടെ മുന്നില്‍ സ്വയം തെളിയിക്കാനുമുള്ള കടുത്ത സമ്മര്‍ദം ഇന്ത്യയിലുള്ളതുകൊണ്ടാണ് ആ സംസ്‌കാരത്തില്‍ വളര്‍ന്നുവരുന്നവര്‍ക്ക് വിജയങ്ങള്‍ നേടാനാകുന്നതെന്ന് പ്രമുഖ വ്യവസായി ജസ്വീര്‍ സിംഗ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ശ്രീധര്‍ വെമ്പുവിന്‍റെ കമന്റ്.
ഇന്ത്യയിലെ കുടുംബവ്യവസ്ഥയും ഇതിനെല്ലാം അനുകൂലമാണ്.
കൂട്ടുകുടുംബ വ്യവസ്ഥയില്‍ മറ്റ് കുടുംബാംഗങ്ങളെ എങ്ങനെയാണോ കാണുന്നത്, അതേ രീതിയിലാണ് ജോലി സ്ഥലത്തെയും ഇന്ത്യക്കാര്‍ കാണുന്നത്. ഇതുമൂലം അവര്‍ക്ക് തൊഴിലിടത്തോടും സ്ഥാപനത്തോടും വിശ്വസ്തതയേറുമെന്നും വെമ്പു കൂട്ടിച്ചേര്‍ക്കുന്നു.
നിരവധി പേരാണ് വെമ്പുവിന്‍റെ അഭിപ്രായത്തോട് പ്രതികരിച്ചത്. വളരെയധികം ആളുകള്‍ ഇതിനോട് പൂർണമായി യോജിച്ചെങ്കിലും ചിലര്‍ വിയോജിച്ചു.
‘പ്രഷര്‍ കുക്കര്‍ പോലെയുള്ള സാമൂഹ്യ അവസ്ഥയിലൂടെയാണ് ഇന്ത്യയിലെ വിദ്യാര്‍ഥികളും യുവാക്കളും കടന്നുപോകുന്നത്. ജീവിതത്തില്‍ വിജയിക്കാനുള്ള സമ്മര്‍ദം ഇവര്‍ക്കുമേല്‍ വളരെയധികമുണ്ട്. വിശ്വസ്തത കാരണമല്ല, ഭാവിയെക്കുറിച്ചുള്ള അരക്ഷിതാവസ്ഥ കാരണമാണ് അവര്‍ ഇഷ്ടമില്ലാത്ത കമ്പനികളില്‍ തുടരുന്നത്’, മറ്റൊരാള്‍ കുറിച്ചു.
വിശ്വസ്തതയോ അരക്ഷിതാവസ്ഥയോ? ഇന്ത്യന്‍ തൊഴിലാളികളുടെ വിജയത്തിന് പിന്നിലെന്തെന്ന് തര്‍ക്കം
