ലോകത്ത് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിയുമായി ഇലോണ്‍ മസ്‌ക് ! കുറഞ്ഞ നിരക്കില്‍ എല്ലാവര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് നല്‍കുമെന്ന് സ്‌പേസ് എക്‌സ് മേധാവി…

അതിവേഗ ഇന്റര്‍നെറ്റ് പദ്ധതിയുമായി സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കുറഞ്ഞ നിരക്കില്‍ എല്ലാവര്‍ക്കും അതിവേഗ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നാണ് സ്‌പേസ് എക്‌സ് മേധാവിയുടെ വാഗ്ദാനം.

ലോകമെമ്പാടുമുള്ള വിദൂര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ ഇന്റര്‍നെറ്റ് സ്‌പേസ് എക്‌സ് നല്‍കുമെന്നും മസ്‌ക് പ്രഖ്യാപിച്ചു.

സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഈ വര്‍ഷാവസാനത്തോടെ പൂര്‍ണമായും ലഭ്യമാക്കുമെന്നാണ് മസ്‌ക് പറയുന്നത്.

സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റിന്റെ വേഗം ഈ വര്‍ഷം തന്നെ 300 എംബിപിഎസായി ഇരട്ടിയാക്കുമെന്നും കമ്പനി മേധാവി അറിയിച്ചു.

ഏകദേശം 12,000 ഉപഗ്രഹങ്ങളുടെ നെറ്റ്വര്‍ക്ക് വഴിയാണ് അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റിന് ഇപ്പോള്‍ 50 മുതല്‍ 150 എംബിപിഎസ് വരെ വേഗമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

കമ്പനി ഇതിനകം തന്നെ 1,200 ലധികം സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്.

സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിനെക്കുറിച്ച് ട്വിറ്ററിലെ ഒരു ഉപയോക്താവിന്റെ ചോദ്യത്തോട് പ്രതികരിച്ചപ്പോഴാണ് മസ്‌ക് ഭാവി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

സേവന സമയം, ബാന്‍ഡ്വിഡ്ത്ത്, ലേറ്റന്‍സി എന്നിവയെല്ലാം അതിവേഗം മെച്ചപ്പെടുന്നുണ്ട്. ഒരുപക്ഷേ വൈകാതെ തന്നെ മികച്ച വേഗം ലഭ്യമാക്കാന്‍ സാധിക്കുമെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ശൃംഖലയെ ട്രക്കുകള്‍, കപ്പലുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് സ്പേസ് എക്‌സ് അമേരിക്കയിലെ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് അനുമതി തേടിയിട്ടുണ്ട്.

യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് (എഫ്സിസി) ഇത് സംബന്ധിച്ച് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം, സ്പേസ് എക്സ് സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്കിനെ ടെസ്ല കാറുകളുമായി ബന്ധിപ്പിക്കുന്നില്ലെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment