ചാരുംമൂട്: ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ചികിത്സതേടി യുവാവിനെയും കൊണ്ട് ആശുപത്രിയിലേക്കു പാഞ്ഞ കാറിനു മുന്നിലേക്ക് തെരുവുനായ എടുത്തു ചാടിയതിനെത്തുടർന്ന് കാർ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം.
നൂറനാട് പണയിൽ സ്വദേശി പ്രതാപ് ആണ് മരിച്ചത്. ഇന്നലെ സന്ധ്യയോടെ നൂറനാട് പണയിൽ ഇടിഞ്ഞയ്യത്ത് ജംഗ്ഷന് സമീപത്തു വച്ചായിരുന്നു അപകടം. ശരീരത്തിന് തളർച്ച അനുഭവപ്പെട്ടതിനെതുടർന്ന് പ്രതാപുമായി ആശുപത്രിയിലേക്ക് അതിവേഗം പോവുകയായിരുന്നു കാർ.
എന്നാൽ, കാറിനു മുന്നിലേക്ക് തെരുവുനായ കുറുകെ ചാടി. നായയെ രക്ഷിക്കാൻ ഡ്രൈവർ കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട കാർ സമീപത്തെ മതിലിലേക്ക് അതിശക്തമായി ഇടിച്ചു കയറുകയുമായിരുന്നു. നൂറനാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
