പൂവച്ചൽ : പൂവച്ചൽ പഞ്ചായത്തിൽ രൂക്ഷമായ തെരുവുനായ ശല്യത്തെ തുടർന്ന് പ്രത്യേക സംഘം പേവിഷ പ്രതിരോധ വാക്സിനേഷൻ കുത്തിവെപ്പ് നൽകുന്ന പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്തിലെത്തിയ സംഘം ആദ്യഘട്ടമായി സ്കൂൾ പരിസരങ്ങളിൽ അലഞ്ഞുതിരിഞ്ഞിരുന്ന നായകളെ പിടികൂടി പേവിഷബാധ പ്രതിരോധ വാക്സിനേഷൻ നൽകി.
വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ആദ്യഘട്ടത്തിൽ സ്കൂൾ പരിസരങ്ങളിലെ നായകളെ കേന്ദ്രീകരിച്ച് നടപടി സ്വീകരിച്ചിരിക്കുന്നത് എന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ഒരു മാസമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി 25ലധികം ആളുകൾക്കാണ് തെരുവ് നായകളുടെ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞദിവസം പന്ത്രണ്ടോളം പേരെയാണ് തെരുവുനായകൾ കടിച്ചുകീറിയത്. ഇതിനെതിരെ പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിഷേധമുയർത്തുകയും കുത്തിയിരുന്ന് സമരം ചെയ്യുകയും ചെയ്തു. ഇതിനെ തുടർന്നാണ് ഇപ്പോൾ അടിയന്തര നടപടി സ്വീകരിച്ചത്.
എന്നാൽ വാക്സിനേഷൻ മാത്രം നടത്തി നായകളെ തിരിച്ചുവിടുന്നത് ശാശ്വത പരിഹാരമല്ലെന്ന വിമർശനം ഉയരുന്നുണ്ട്. നായകളെ പിടികൂടി വന്ധ്യംകരണത്തിന് വിധേയമാക്കാത്തതിൽ എൽഡിഎഫ് -ബിജെപി അംഗങ്ങൾ ഉൾപ്പെടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
അതേസമയം, തുടർ ദിവസങ്ങളിൽ വന്ധ്യംകരണ നടപടികൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് അമല വ്യക്തമാക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ കൂടുതൽ വിപുലമായ പദ്ധതി നടപ്പാക്കാനുള്ള ആലോചനയിലാണെന്നും അവർ അറിയിച്ചു.
