വധശിക്ഷ വിധിച്ചത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് ഒടുവില്‍ സുപ്രീം കോടതി തിരിച്ചറിഞ്ഞു ! യുവാവ് ഭാര്യയെയും മക്കളെയും കൊന്ന സംഭവത്തില്‍ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം വിധി തിരുത്തപ്പെടുമ്പോള്‍…

രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയ്ക്കും തെറ്റുപറ്റാം. ഭാര്യയെയും നാലുമക്കളെയും കൊന്ന സംഭവത്തില്‍ യുവാവിന് വധശിക്ഷ വിധിച്ച സുപ്രീം കോടതി എട്ടു വര്‍ഷത്തിനു ശേഷം പിഴവു മനസ്സിലാക്കി വിധി തിരുത്തി. മഹാരാഷ്ട്രയിലെ നാന്ദെഡ് ജില്ലയിലായിരുന്നു പ്രസ്തുത സംഭവം നടന്നത്.

2011ലെ വിധിയാണ് തെളിവുകള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് ജസ്റ്റിസുമാരായ എന്‍ വി രമണ, എം എ ശാന്തനഗൗഡര്‍, ഇന്ദിരാ ബാനര്‍ജി എന്നിവരുടെ ബഞ്ച് തിരുത്തിയത്. വധശിക്ഷ വിധിച്ചത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നു വിലയിരുത്തി ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

മുന്‍ഭാര്യയോട് പ്രതി നടത്തിയ കുറ്റസമ്മതം സ്ഥിരീകരിച്ചില്ല എന്നതാണ് ആദ്യത്തെ പിഴവ്. പ്രതി ഭാര്യയുടെ മുഖം തല്ലിച്ചതച്ചുവെന്ന ന്യായീകരിക്കാന്‍ മെഡിക്കല്‍ തെളിവുകളില്ല എന്നതായിരുന്നു രണ്ടാമത്തേത്. എന്നാല്‍ ഇയാള്‍ കുറ്റം ചെയ്തുവെന്നതിന് സാഹചര്യത്തെളിവുകള്‍ ഉണ്ടായിരുന്നതിനാല്‍ പ്രതി ആജീവനാന്തം തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിലെ ആറാം സാക്ഷിയായ പ്രതിയുടെ ആദ്യഭാര്യ ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയെന്ന് ഫോണിലൂടെ പറഞ്ഞെന്നാണ് മൊഴിനല്‍കിയത്.

എന്നാല്‍ ക്രോസ് വിസ്താരത്തില്‍ കൊലപാതകങ്ങള്‍ നടത്തിയെന്ന് ഇയാള്‍ പറഞ്ഞിട്ടില്ലെന്ന് ഇവര്‍ അറിയിച്ചിരുന്നു. കൂടാതെ ആളെ തിരിച്ചറിയിക്കാതിരിക്കാന്‍ പ്രതി ആസൂത്രിതമായി കൊല്ലപ്പെട്ടവരുടെ മുഖങ്ങള്‍ തല്ലിച്ചതച്ചെന്ന വാദവും മെഡിക്കല്‍ തെളിവുകളുടെ സ്ഥിരീകരിക്കാനായിട്ടില്ലെന്നും കോടതി വിലയിരുത്തി. ഇതൊക്കെ കോടതിയുടെ പിഴവായി അംഗീകരിക്കുകയും ചെയ്തു.

നാന്ദെഡ് ജില്ലയിലെ രൂപ്ല നായിക് ടാന്‍ഡ എന്ന കുഗ്രാമത്തില്‍ 2007ല്‍ ഭാര്യയെയും പത്ത് മാസവും നാല്, ആറ്, പത്ത് വയസ്സ് വീതമുളള കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ ബോംബെ ഹൈക്കോടതി വിധിച്ച വധശിക്ഷയാണ് 2011ല്‍ സുപ്രീംകോടതി ശരിവച്ചത്. 2012ല്‍ തന്നെ പ്രതിയുടെ പുനപരിശോധനാ ഹര്‍ജി പരിഗണിച്ച സുപ്രിംകോടതി പിന്നീട് അത് റദ്ദാക്കിയിരുന്നു. എന്നാല്‍ പിന്നീട് ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത കോടതി പുനപരിശോധന ഹര്‍ജി പുതുതായി പരിഗണിക്കുകയായിരുന്നു. എന്നാല്‍ നിയമ പോരാട്ടം വിജയിച്ചെങ്കിലും പ്രതിയുടെ മോശം സ്വഭാവം മൂലം ഇയാള്‍ ശേഷമുള്ള ജീവിതവും ജയിലില്‍ തന്നെ കഴിയട്ടെയെന്ന് കോടതി വിധിക്കുകയായിരുന്നു.

Related posts