വരാന്‍ പോകുന്നത് കനത്ത വരള്‍ച്ചയോ ? സംസ്ഥാനത്തെ താപനിലയില്‍ ഉണ്ടായിരിക്കുന്നത് വന്‍വര്‍ധന; സ്ഥിതിഗതികളെക്കുറിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നതിങ്ങനെ…

തിരുവനന്തപുരം: കേരളത്തെ തകര്‍ത്തെറിഞ്ഞ മഹാപ്രളയ സമയത്തു തന്നെ പലരും പ്രകടിപ്പിച്ചിരുന്ന ആശങ്ക അര്‍ഥവത്താക്കുന്ന മാറ്റങ്ങളാണ് ഇപ്പോള്‍ കേരളത്തിലെ കാലാവസ്ഥയില്‍ വന്നു ഭവിച്ചിരിക്കുന്നത്. ഫെബ്രുവരി പകുതി ആയപ്പോഴേയ്ക്കും ശരാശരിയില്‍ നിന്നും കൂടുതലാണ് കേരളത്തിലെ താപനില. അമിതമായി വര്‍ധിച്ചില്ലെങ്കിലും മുന്‍വര്‍ഷത്തെക്കാള്‍ അസഹനീയമായ ചൂടാണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ വര്‍ധിച്ച് വരുന്നത്.

ആലപ്പുഴയിലും കോഴിക്കോടും താപനില വര്‍ധിച്ചത് ഏവരേയും ആശങ്കപ്പെടുത്തിയിരിക്കുകയാണ്. ഫെബ്രുവരിയിലെ കണക്ക് നോക്കിയാല്‍ ശരാശരിയില്‍ നിന്നും മൂന്ന് ഡിഗ്രി വരെ കോഴിക്കോട് ഉയര്‍ന്നപ്പോള്‍ രണ്ട് ഡിഗ്രിയാണ് ആലപ്പുഴയില്‍ വര്‍ധിച്ചത്. ഫെബ്രുവരി ആദ്യം മുതലുള്ള കണക്കെടുത്ത് നോക്കിയാല്‍ താപനിലയുടെ വര്‍ധന ആശങ്കപരമാണ്. പക്ഷേ ഇത് താത്കാലികമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പല ജില്ലകളിലും നല്ല മഴ കിട്ടുന്നുണ്ടെന്ന് കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു.

തെക്കന്‍ ജില്ലകളില്‍ ശനിയും ഞായറും നല്ല മഴ കിട്ടുമെന്നും പ്രവചിക്കുന്നു. തമിഴ്നാടിന്റെയും കേരളത്തിന്റെയും തെക്കന്‍ പ്രദേശങ്ങളില്‍ ന്യൂനമര്‍ദപാത്തി ഉടലെടുക്കുന്നതാണ് മഴപ്രതീക്ഷയ്ക്ക് പിന്നില്‍. പതിവ് ചൂടുകേന്ദ്രങ്ങളായ പാലക്കാടും പുനലൂരും ഇനിയും ചൂടായിത്തുടങ്ങിയിട്ടില്ല. പാലക്കാട് താപനില ശരാശരിയിലും 0.7 ഡിഗ്രി കുറവാണിപ്പോള്‍. പുനലൂരില്‍ വെറും 0.2 ഡിഗ്രിയാണ് കൂടുതല്‍. കോട്ടയത്ത് 1.4 ഡിഗ്രിയും കണ്ണൂരിലും തിരുവനന്തപുരത്തും 1.1 ഡിഗ്രിയും കൂടുതലാണ് ഇപ്പോള്‍ താപനില.

Related posts