തിരുവനന്തപുരം: താത്കാലിക വിസി നിയമനത്തിൽ ഹൈക്കോടതി വിധി മറികടക്കാന് അപ്പീല്സാധ്യത തേടി രാജ്ഭവന്. കെടിയു, ഡിജിറ്റല് സര്വകലാശാല എന്നിവിടങ്ങളിലെ വിസി നിയമനത്തിനെതിരേയാണ് ഹൈക്കോടതി സിംഗിള് ബഞ്ച് ഉത്തരവിട്ടത്. രണ്ടിടത്തും വിസിമാരെ നിയമിച്ചത് ഗവര്ണറായിരുന്നു.
സംസ്ഥാന സര്ക്കാര് നല്കിയ പട്ടികയിലുള്ളവരെ മാത്രമെ വിസിമാരാക്കാന് സാധിക്കുകയുള്ളുവെന്നാണു കോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് മറികടക്കാനാണു സുപ്രീംകോടതിയെ സമീപിക്കാന് രാജ്ഭവന് നിയമവിദഗ്ധരുമായി കുടിയാലോചന നടത്തുന്നത്. അതേസമയം ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തില് പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള പട്ടിക സര്ക്കാര് ഗവര്ണര്ക്കു സമര്പ്പിച്ചിരിക്കുകയാണ്.
ഈ പട്ടികയിലുള്ളതു സര്ക്കാരിന്റെ വേണ്ടപ്പെട്ടവരാണ്. ഇവരെ ഗവര്ണര് അംഗീകരിക്കുമോ, പട്ടിക സ്വീകരിക്കുമോ എന്നത് വരും ദിവസങ്ങളില് മാത്രമെ അറിയാന് സാധിക്കുകയുള്ളു. നിലവിലെ സാഹചര്യത്തില് സര്ക്കാരും ഗവര്ണറും രണ്ടു തട്ടിലൂടെയാണു മുന്നോട്ടുപോകുന്നത്. ഭാരതാംബ ചിത്ര വിവാദമാണു സര്ക്കാരും ഗവര്ണറും തമ്മിലുള്ള നല്ല ബന്ധത്തിനു വിലങ്ങുതടിയായത്.