വിനോദ സഞ്ചാരികള്‍ നല്‍കുന്ന ‘ജങ്ക് ഫുഡ്’ തായ് തെരുവുകളിലെ കുരങ്ങന്മാരില്‍ പ്രവര്‍ത്തിച്ചത് വയാഗ്ര പോലെ ! ക്രമാതീതമായി പെറ്റു പെരുകാന്‍ തുടങ്ങിയതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് നേരെ കുരങ്ങന്മാരുടെ അതിക്രമം വര്‍ധിക്കുന്നു…

തായ്‌ലാന്‍ഡിലെ ലോപ്ബുരി നഗരം ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് തന്നെ അവിടുത്തെ കുരങ്ങന്മാരുടെ പേരിലായിരുന്നു.

തായ്‌ലാന്‍ഡില്‍ സന്ദര്‍ശനത്തിനെത്തുന്ന വിദേശ സഞ്ചാരികള്‍ കുരങ്ങന്മാരോടൊപ്പം നിന്ന് ചിത്രങ്ങളെടുക്കാനും അവര്‍ക്ക് ഭക്ഷണം നല്‍കുവാനുമൊക്കെയായി തദ്ദേശവാസികള്‍ക്ക് പണം നല്‍കുമായിരുന്നു.

മാത്രമല്ല, വിദേശങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പാക്ക്ഡ് ഭക്ഷണം പോലുള്ളവ ഈ കുരങ്ങന്മാര്‍ക്ക് ഇഷ്ടം പോലെ നല്‍കുകയും ചെയ്യുമായിരുന്നു. ഇങ്ങനെയുള്ള ജങ്ക് ഫുഡ് ശീലമാക്കിയ കുരങ്ങന്മാര്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിദേശ സഞ്ചാരികളുടെ വരവ് നിലച്ചതോടെ ശരിക്കും പട്ടിണിയിലായി.

വിശപ്പ് സഹിക്കവയ്യാതെ പതിയെ തദ്ദേശവാസികളുടെ വീടുകളും കടകളും ആക്രമിച്ച് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൈക്കലാക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍ ഈ വാനരസേന. നഗരത്തിലെ ചൂട് 35 ഡിഗ്രിയോട് അടുത്തതോടെ സമീപത്തുള്ള ഒരു തടാകവും ഇവര്‍ കൈയ്യടക്കിക്കഴിഞ്ഞു.

ചില കുരങ്ങന്മാര്‍ കാറുകളില്‍ നിന്നും മറ്റും ഭക്ഷണപ്പൊതികള്‍ തട്ടിക്കൊണ്ടു പോകുന്നുമുണ്ട്. കഴിയാവുന്ന രീതിയില്‍ ഭക്ഷണം നല്‍കി ഇവരെ പ്രീതിപ്പെടുത്താന്‍ തദ്ദേശവാസികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും എണ്ണം വളരെ കൂടുതലായതിനാല്‍ അത് സാധിക്കുന്നില്ല.

വിദേശികള്‍ നല്‍കുന്ന ഷുഗറി ഫുഡും മറ്റും കഴിച്ച് ലൈംഗികാസക്തി മൂത്ത കുരങ്ങന്മാര്‍ ഇപ്പോള്‍ പണ്ടത്തേക്കാള്‍ വേഗത്തിലാണത്രെ പെറ്റുപെരുകുന്നത്.

ലഭ്യമായ ഭക്ഷണത്തിനായി തമ്മില്‍ പോരടിക്കുന്ന കുരങ്ങന്മാരെയും ഇവിടെ കാണാം. ചിലയിടങ്ങളില്‍ കുരങ്ങന്മാരുണ്ട് സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. നഗരത്തിലെ ഒരു സിനിമാ തീയറ്റര്‍ ഇപ്പോള്‍ ഇവരുടെ താവളമായിരിക്കുകയാണ്.

മാത്രമല്ല, മരണപ്പെടുന്ന കുരങ്ങന്മാരുടെ മൃതദേഹങ്ങള്‍ അവര്‍ ഇവിടെ കൊണ്ടുവന്ന് സൂക്ഷിക്കുന്നു. മനുഷ്യര്‍ ആരെങ്കിലും ആ ഭാഗത്തേക്ക് ചെന്നാല്‍ കൂട്ടത്തോടെ ആക്രമിക്കാനും അവര്‍ക്ക് മടിയില്ല.

ലോപ്ബുരി നഗരത്തിന്റെ ഹൃദയഭാഗമായ പ്രാംഗ് സാം യോദ് ടെംപിളിന് ചുറ്റുമുള്ള നിരത്തുകള്‍ ഇപ്പോള്‍ ഭരിക്കുന്നത് ഈ വാനര സംഘങ്ങളാണ്.

വീടുകളും കടകളും ആക്രമിച്ച് ഭക്ഷണ സാധനങ്ങള്‍ കവരുക, കാറുകളുടെ വാതിലുകളിലെ റബ്ബര്‍ സീല്‍ വലിച്ചു പറിക്കുക, ആളുകളെ ആക്രമിക്കുക തുടങ്ങിയവയാണ് ഇപ്പോള്‍ ഇവരുടെ പരിപാടികള്‍. ഇന്ന് മനുഷ്യര്‍ കൂട്ടിലിരിക്കേണ്ട ഗതികേടിലാണെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്.

ഇവയെ ഏതുവിധേനയും വന്ധ്യംകരിക്കാനുള്ള നടപടികളുമായി മുമ്പോട്ടു പോവുകയാണ് വന്യജീവി സംരക്ഷണ വകുപ്പിലെ ജീവനക്കാര്‍.

പഴങ്ങള്‍ വെച്ച് കെണിയൊരുക്കി പിടിക്കുന്ന വാനരന്മാരെ ക്ലിനിക്കുകളില്‍ എത്തിച്ച്, അനസ്തീഷ്യ കൊടുത്ത് ബോധ രഹിതരാക്കിയിട്ടാണ് വന്ധീകരിക്കുന്നത്.

ഇപ്രകാരം വന്ധ്യംകരിച്ച കുരങ്ങന്മാരില്‍ അത് സൂചിപ്പിക്കുന്ന അടയാളം പച്ചകുത്തും. ഈ വാരം 500 കുരങ്ങന്മാരെ ഇപ്രകാരം വന്ധ്യംകരിക്കാനാണ് പദ്ധതിയിടുന്നത്.

എന്നാല്‍ 6000ത്തില്‍ അധികം കുരങ്ങന്മാരുള്ളിടത്ത് 500 കുരങ്ങന്മാരെ മാത്രം ഒരാഴ്ച്ച കൊണ്ട് വന്ധീകരിക്കുന്നതില്‍ കാര്യമില്ലെന്നാണ് തദ്ദേശവാസികളുടെ അഭിപ്രായം.

Related posts

Leave a Comment