കുമരകം: മാസങ്ങളായി അടച്ചിട്ടിരുന്ന തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഇന്നലെ രാവിലെ എട്ടിന് തുറന്നു തുടങ്ങി. ചേതനയറ്റു കിടന്ന കുട്ടനാട്ടിലെ ജലാശയങ്ങളിൽ ഇതോടെ നീരാെഴുക്ക് പുനരാരാംഭിച്ചു.വെച്ചൂർ ഭാഗത്തെ 10 ഷട്ടറുകളാണ് ഇന്നലെ ഉയർത്തിയത്. ദിവസേന 10 ഷട്ടറുകൾ വീതം തുറക്കാമെന്നാണ് തീരുമാനം.
മാർച്ച് 15ന് തുറക്കേണ്ട ഷട്ടറുകൾ 35 ദിവസങ്ങൾ വൈകിയാണ് ഇക്കുറിയും തുറന്നത്. മൂന്നു ഭാഗങ്ങളിലായി 90 ഷട്ടറുകളാണ് ബണ്ടിൽ ഉള്ളത്.
വെച്ചൂർ ഭാഗത്ത് 31 ഷട്ടറും തണ്ണീർ മുക്കം ഭാഗത്ത് 31 ഷട്ടറും മധ്യഭാഗത്ത് 28 ഷട്ടറുകളുമുണ്ട്. ഇന്നലെ തുറന്നപ്പോൾ ആദ്യം കടലിലേക്കും വേലിയേറ്റം ആരംഭിച്ചതോടെ കുട്ടനാട്ടിലേക്കുമായിരുന്നു ഒഴുക്ക്.
ബണ്ട് തുറന്നതോടെ തോടുകളിലും വേമ്പനാട്ടുകായലിലും അടിഞ്ഞു കിടക്കുന്ന പോളയും മാലിന്യങ്ങളും നശിക്കും. ജലഗതാഗതം സുഗമമാകും. മത്സ്യലഭ്യത കൂടും. നാളികേരരങ്ങൾക്ക് പുതുജീവൻ വയ്ക്കുകയും ചെയ്യും.
തടയണകൾ നിർമിക്കാത്തതിനാൽ കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന ഉപ്പുവെള്ളം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ കുടിവെള്ള വിതരണത്തെ ദോഷമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്.
