ഗായകനും നടനുമായ ജോ ജോനാസ് മോഡൽ ടാറ്റിയാന ഗബ്രിയേലയുമായുള്ള തന്റെ പ്രണയബന്ധം സ്ഥിരീകരിച്ചു. നടി സോഫി ടേണറുമായുള്ള വിവാഹമോചനത്തിന് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് പുതിയ പ്രണയബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ. പ്യൂർട്ടോ റിക്കോ യാത്രയ്ക്കിടെ ഗബ്രിയേലയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ജോ ജോനാസ് തന്റെ ബന്ധം ഇൻസ്റ്റാഗ്രാമിലൂടെ ഔദ്യോഗികമായി അറിയിച്ചത്.
ഒരു യൂട്യൂബ് വ്ലോഗിലൂടെയും ജോ ജോനാസ് തന്റെ പ്രണയത്തെക്കുറിച്ച് സൂചനകൾ നൽകി. പ്യൂർട്ടോ റിക്കോയിലെ സ്ഥലങ്ങളും വെള്ളച്ചാട്ടവും സന്ദർശിക്കുന്നതിനിടെയിൽ ഗബ്രിയേല തന്നെ സ്പാനിഷ് പഠിക്കാൻ സഹായിക്കുന്നതായി ജോനാസ് വ്ലോഗിൽ പറഞ്ഞു. പിന്നീട് വെള്ളച്ചാട്ടത്തിൽ പോയി നീന്തിയതും വളരെ മനോഹരമായിരുന്നു എന്ന് ജോ ജോനാസ് പറഞ്ഞു.
കഴിഞ്ഞ വർഷം നവംബർ മുതൽ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.സോഫി ടേണറുമായുള്ള ബന്ധത്തിൽ ജോനാസിന് രണ്ട് പെൺമക്കളുണ്ട്. തന്റെ സ്വകാര്യ ജീവിതവും കരിയറും തമ്മിലുള്ള ബാലൻസ് നിലനിർത്തുന്നതിനെക്കുറിച്ച് അദ്ദേഹം നേരത്തെ സംസാരിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് താൻ ആളുകളെ പരിചയപ്പെടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
സോഫി ടേണറുമായുള്ള കുഞ്ഞുങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ഞാൻ ശരിക്കും നന്ദിയുള്ളവനാണ്, മനോഹരമായ ഒരു കോ-പേരന്റിംഗ് ബന്ധം എനിക്കുണ്ട്, ടേണർ നല്ല അമ്മയാണെന്നും പ്രശംസിച്ചു. കുട്ടികളുടെ സംരക്ഷണത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ 2024ലാണ് ജോ ജോനാസും ടേണറും വിവാഹമോചനം നേടിയത്.
