പുല്പ്പള്ളി: കേളക്കവല ചെമ്പകമൂലയില് കര്ഷകന് കിഴക്കേഇടയിലത്ത് രാജേന്ദ്രന് നായരുടെ(55) ആത്മഹത്യയുടെ പശ്ചാത്തലത്തില് കെപിസിസി ജനറല് സെക്രട്ടറിയും പുല്പ്പള്ളി സര്വീസ് സഹകരണ ബാങ്ക് മുന് പ്രസിഡന്റുമായ കെ.കെ. ഏബ്രഹാമിനെ പോലീസ് കസ്റ്റഡിലെടുത്തു.
ചൊവ്വാഴ്ച അര്ധരാത്രിയോടെ ചുണ്ടക്കൊല്ലിയിലെ വസതിയില്നിന്നാണ് എസ്ഐ വി.ആര്. മനോജിന്റെ നേതൃത്വത്തില് ഏബ്രഹാമിനെ കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനില് എത്തിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഏബ്രഹാമിനെ അപ്പോള്ത്തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
നില മെച്ചപ്പെടാത്ത സാഹചര്യത്തില് പുലര്ച്ചെ സുല്ത്താന്ബത്തേരി താലൂക്ക് ഗവ.ആശുപത്രിയില് അത്യാഹിത വിഭാഗത്തില് പ്രവേശിപ്പിച്ചു.ഏബ്രഹാമിന്റെ ആരോഗ്യനിലയില് പുരോഗതിയുണ്ടെന്നു ആശുപത്രി അധികൃതര് അറിയിച്ചു.
പുല്പ്പള്ളി സര്വീസ് സഹകരണ ബാങ്കില് ഏബ്രഹാം ഭരണസമിതി പ്രസിഡന്റായിരുന്ന കാലയളവില് വായ്പ വിതരണത്തില് നടന്ന ക്രമക്കേടുകളെത്തുടര്ന്നു കടക്കെണിയില് അകപ്പെട്ടതിന്റെ മനോവേദനയിലാണ് രാജേന്ദ്രന് നായര് ജീവനൊടുക്കിയതെന്നു ആരോപണം ഉയര്ന്നിരുന്നു.
ഏകദേശം 35 ലക്ഷം രൂപയാണ് ബാങ്കില് രാജേന്ദ്രന് നായര്ക്കു ബാധ്യത. എന്നാല് 2017ല് അദ്ദേഹം 73,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്നാണ് വീട്ടുകാര് പറയുന്നത്.
രാജേന്ദ്രന്നായരുടെ മരണത്തിനു മുഖ്യ ഉത്തരവാദി ബാങ്ക് മുന് പ്രസിഡന്റ് ഏബ്രഹാമാണെന്നാണ് ഇടതു പാര്ട്ടികളുടെ ആരോപണം. രാജേന്ദ്രന്നായരുടെ മൃതദേഹവുമായി ഇന്നു ഏബ്രഹാമിന്റെ വസതിയിലേക്കു ബഹുജന മാര്ച്ച് സംഘടിപ്പിക്കുമെന്ന് കേളക്കവല, ചെമ്പകമൂല നിവാസികളില് ചിലര് വ്യക്തമാക്കിയിരുന്നു.
ഈ സമരത്തിന് സിപിഐ(എംഎല് ) റെഡ് ഫല്ഗ് പിന്തുണയും പ്രഖ്യാപിച്ചു. ഇതിനിടയിലാണ് പോലീസ് ഏബ്രഹാമിനെ കസ്റ്റഡിയിലെടുത്തത്. ബാങ്ക് മുന് സെക്രട്ടറി കെ.ടി. രമാദേവിയെ ഇന്നു രാവിലെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്.
മുന് കോണ്ഗ്രസ് ഭരണസമിതിയുടെ കാലത്തു വായ്പ വിതരണത്തിലടക്കം ക്രമക്കേടുകള് നടത്തിയതുമൂലം പുല്പ്പള്ളി സര്വീസ് സഹകരണ ബാങ്കിനു ഉണ്ടായത് 8.33 കോടി രൂപയുടെ നഷ്ടമാണ്.
ഈ തുക തിരിച്ചുപിടിക്കുന്നതിന് ജോ. രജിസ്ട്രാര്(ജനറല്) പുറപ്പെടുവിച്ച സര്ചാര്ജ് ഉത്തരവ് നിയമത്തിന്റെ നൂലാമാലകളില് കുടുങ്ങിക്കിടക്കുകയാണ്.
ഇതിനിടെയാണ് പുല്പ്പള്ളിയില് കര്ഷക ആത്മഹത്യ. 2017ല് ബാങ്കില്നിന്നു വായ്പയെടുത്ത കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രന് നായരാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.
വായ്പ തട്ടിപ്പിനിരയായി പുല്പ്പള്ളിയില് കര്ഷകന് രാജേന്ദ്രന് നായര് ജീവനൊടുക്കിയ സംഭവത്തില് വയനാട്ടിലെ കോണ്ഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.