കേരളത്തില്‍ ഐഎസിന്റെ മൂന്നു ഘടകങ്ങള്‍ സജീവം ! വളപട്ടണത്തില്‍ നിന്ന് കണ്ണൂര്‍ ഘടകത്തില്‍ ചേര്‍ന്നത് 50 പേരെന്ന് സൂചന; കേരളത്തില്‍ ഐഎസ് ശക്തി പ്രാപിക്കുമ്പോള്‍ ആശങ്ക…

കേരളത്തില്‍ ഐഎസ് ശക്തിപ്രാപിക്കുന്നതില്‍ ആശങ്ക. വടക്കന്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂന്ന് ഐഎസ് ഘടകങ്ങള്‍ ശക്തി പ്രാപിച്ചതായാണ് വിവരം.

കാസര്‍ഗോഡ് ഘടകം,കണ്ണൂര്‍ ഘടകം,ഒമര്‍ അല്‍ ഹിന്ദി ഘടകം എന്നീ മൂന്നു ഘടകങ്ങളാണ് ഐഎസ് അനുഭാവം പുലര്‍ത്തി പ്രവര്‍ത്തിക്കുന്നത്.

കൊച്ചിയില്‍ നിന്ന് പിടിയിലായ അല്‍ഖ്വയ്ദ പ്രവര്‍ത്തകര്‍ക്ക് ഇവരുമായി ബന്ധമുണ്ടോയെന്ന് എന്‍ഐഎ പരിശോധിക്കും.

മൂന്നു ഘടകങ്ങളെക്കുറിച്ചും സംസ്ഥാന ഇന്റലിജന്‍സിന് നാലുവര്‍ഷം മുമ്പ് വിവരം ലഭിച്ചുവെന്നാണ് വിവരം.

2016ല്‍ യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ കാണാതായതിനെത്തുടര്‍ന്ന് സുരക്ഷാ ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് കാസര്‍ഗോഡ് ഘടകത്തെപ്പറ്റി വിവരം ലഭിച്ചത്.

സോണിയ സെബാസ്റ്റിയന്‍ എന്ന യുവതിയെ മതപരിവര്‍ത്തനം നടത്തി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടു പോയെന്ന കേസിലെ പ്രതി അബ്ദുള്‍ റഷീദാണ് കാസര്‍ഗോഡ് ഘടകത്തിന്റെ നേതാവ്.

വളപട്ടണത്തില്‍ നിന്ന് 50 പേര്‍ കണ്ണൂര്‍ ഘടകത്തില്‍ ചേര്‍ന്നതായും വിവരമുണ്ട്. ഇവര്‍ സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗങ്ങളാണെന്നും വിവരമുണ്ട്. ഷാജഹാന്‍ വള്ളുവക്കണ്ടി എന്നയാളാണ് ഈ ഘടകത്തെ നയിക്കുന്നത്. ഈ ഘടകത്തില്‍ നിന്നുള്ള പലരും ഇതിനോടകം സിറിയിലേക്ക് കടന്നുവെന്നാണ് സൂചന.

ദക്ഷിണേന്ത്യയില്‍ സ്‌ഫോടനപരമ്പര നടത്താനും കേരളത്തില്‍ ഐഎസ് ആധിപത്യം സ്ഥാപിക്കാനും മുന്നിട്ടിറങ്ങിയ സംഘമാണ് ഒമര്‍ അല്‍ഹിന്ദി ഘടകം. കണ്ണൂര്‍ ചെഴിയിലെ ഒമര്‍ അല്‍ ഹിന്ദി എന്ന മന്‍സീദ് മുഹമ്മദിന്റെ പേരിലാണ് ഈ ഘടകം അറിയപ്പെടുന്നത്.

ഐഎസിന് സിറിയിയിലും ഇറാഖിലും തിരിച്ചടി നേരിടുമ്പോഴും കേരളത്തില്‍ നിന്ന് ഭീകര സംഘടനയില്‍ ചേരാനെത്തുന്നവരുടെ എണ്ണം കൂടുകയാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

Related posts

Leave a Comment