മംഗലംഡാം: കടുവയെ പിടികൂടാൻ ഓടംതോട് ചടച്ചികുന്നിൽ സ്ഥാപിച്ചിട്ടുള്ള കെണിക്കൂട് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. കൂട് സ്ഥാപിച്ചതിനടുത്ത് മരംമുറിക്കലും തീയിടലും നടക്കുന്നതിനാൽ പ്രദേശത്തേക്ക് കടുവ വരാൻ സാധ്യതയില്ലെന്നു നാട്ടുകാർ പറയുന്നു.
ഇതിനാൽ കടുവയെ കണ്ട സ്ഥലങ്ങളിൽ എവിടെയെങ്കിലും കൂട് സ്ഥാപിച്ചാൽ മാത്രമേ ദൗത്യം വിജയിക്കുകയുള്ളു എന്ന വിലയിരുത്തലാണുള്ളത്. കഴിഞ്ഞമാസം 23നാണ് ചടച്ചിക്കുന്നിൽ ചിറക്കൽ ജോസിന്റെ റബർത്തോട്ടത്തിൽ കൂട് സ്ഥാപിച്ചത്.
പുലി സാന്നിധ്യം കൂടുതലുള്ള പ്രദേശമാണിവിടെ. ഇരയായി കൂട്ടിൽ ഇട്ടിരുന്ന ജൂലി എന്ന വളർത്തു പട്ടി ക്ഷീണിതയായതിനെ തുടർന്ന് അതിനെ മാറ്റി. ഇപ്പോൾ മറ്റൊരു നായയാണ് ഇരയായി കഴിയുന്നത്.
അതേസമയം കടുവ കെണിയിൽപ്പെടാൻ ഇരയായി ആടിനെ കെട്ടിയിടണമെന്നാണു കടുവയുടെ ഇര തേടലുമായി ബന്ധപ്പെട്ടവർ പറയുന്നത്.നായയെ ഇട്ടാൽ പുലിപ്പെടാനുള്ള സാധ്യതയാണ് കൂടുതൽ.
എന്നാൽ ഓടംതോട്ടിൽ പുലിയും കുടുങ്ങുന്നില്ല. കടുവയെ പിടികൂടാൻ സ്ഥാപിച്ചിട്ടുള്ള കൂട് വളരെ ചെറുതാണെന്ന വിലയിരുത്തലുകളുമുണ്ട്. കടുവയുടെ പാതിപോലും വലുപ്പം കൂടിനില്ല.
