ട്വിറ്ററിന് വെല്ലുവിളിയുയര്‍ത്തുമോ ടൂട്ടര്‍ ? ഇന്ത്യന്‍ നിര്‍മിത സോഷ്യല്‍ മീഡിയയില്‍ പ്രധാനമന്ത്രി അക്കൗണ്ട് തുടങ്ങി; ഇന്ത്യയുടെ സ്വദേശി സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ സവിശേഷതകള്‍ ഇങ്ങനെ…

ട്വിറ്ററിന് വെല്ലുവിളിയുയര്‍ത്താന്‍ ടൂട്ടറിനാവുമോ ? ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. ഇന്ന് നിലവില്‍ ഇന്ത്യയിലുള്ള പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെല്ലാം അമേരിക്കന്‍ കമ്പനികളുടേതാണ്.

ഈ സാഹചര്യത്തിലാണ് തികച്ചും ഇന്ത്യന്‍ സ്വഭാവമുള്ള ശംഖുനാദം എന്നര്‍ത്ഥം വരുന്ന ടൂട്ടര്‍ അവതരിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് ഒരു സ്വദേശി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വേണമെന്നാണ് കരുതുന്നതെന്ന് ടൂട്ടര്‍ വെബ്‌സൈറ്റിന്റെ എബൗട്ട് പേജ് പറയുന്നു.

അല്ലാത്തപക്ഷം, ഇന്ത്യ അമേരിക്കന്‍ ട്വിറ്റര്‍ ഇന്ത്യ കമ്പനിയുടെ വെറുമൊരു ഡിജിറ്റല്‍ കോളനി മാത്രമാണ്. നമ്മള്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴില്‍ ആയിരുന്നതില്‍ നിന്നും വ്യത്യസ്തമല്ല അത്. എല്ലാവരും ടൂട്ടറില്‍ അംഗമാവണമെന്നും കമ്പനി പറയുന്നു.

ജൂലായ് മുതല്‍ ടൂട്ടര്‍ സജീവമാണ്. ട്വിറ്ററില്‍ ട്വീറ്റുകള്‍ പങ്കുവെക്കുന്ന പോലെ ടൂട്ടറില്‍ ടൂട്ടുകള്‍ (Toots) പങ്കുവെക്കാം. സര്‍ക്കാരില്‍ നിന്നും മികച്ച പിന്തുണ ടൂട്ടറിന് ലഭിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ടൂട്ടറില്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ അക്കൗണ്ടുകള്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സദ്ഗുരു എന്നിവരെല്ലാം ടൂട്ടറില്‍ വെരിഫൈഡ് അക്കൗണ്ടുള്ളവരാണ്. ബിജെപിയ്ക്കും ടൂട്ടറില്‍ ഔദ്യോഗിക അക്കൗണ്ട് ഉണ്ട്. ട്വിറ്ററിന് സമാനമായ രീതിയിലാണ് ടൂട്ടറിന്റെ രൂപകല്‍പന.

ട്വിറ്ററിന്റെ പക്ഷിയുടെ രൂപത്തിലുള്ള ചിഹ്നത്തിന് പകരം ശംഖ് ആണ് ടൂട്ടറിന്റെ ചിഹ്നം. ഒറ്റനോട്ടത്തില്‍ ട്വിറ്ററിന് സമാനമായ രൂപകല്‍പനയാണ് ടൂട്ടറിനും.

മറ്റുള്ളവരെ ഫോളോ ചെയ്താല്‍ അവരില്‍ നിന്നുള്ള ടൂട്ടുകള്‍ ടൈംലൈനില്‍ കാണാന്‍ സാധിക്കും. വീഡിയോയും ചിത്രങ്ങളുമെല്ലാം പങ്കുവെക്കാം.

tooter.in എന്ന വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ടൂട്ടറിനുണ്ട്. നിലവില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ മാത്രമാണ് ടൂട്ടറിനുള്ളത്.

ഐഓഎസ് ആപ്ലിക്കേഷന്‍ ഇല്ല. ഇമെയില്‍ ഐഡി, യൂസര്‍ നെയിം, പാസ് വേഡ് എന്നിവ നല്‍കി അക്കൗണ്ട് തുടങ്ങാം. ഇമെയില്‍ വരുന്ന വെരിഫിക്കേഷന്‍ മെയില്‍ സ്ഥിരീകരിച്ചാല്‍ മാത്രമേ സൈറ്റില്‍ ലോഗിന്‍ ചെയ്യാനാവൂ.

ടൂട്ടര്‍ പ്രോ എന്ന പേരില്‍ ഒരു സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ടൂട്ടര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനായുള്ള ഒരു ലിങ്ക് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടെങ്കിലും. അത് നേരെ പോകുന്നത് മറ്റൊരു ടൂട്ടര്‍ പേജിലേക്കാണ്.

നിലവില്‍ അപ്‌ഡേറ്റ് റിക്വസ്റ്റുകള്‍ സ്വീകരിക്കുന്നില്ലെന്ന് അതില്‍ പറയുന്നു. എന്താണ് ടൂട്ടര്‍ പ്രോ വേര്‍ഷന്‍ വാഗ്ദാനം ചെയ്യുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

Related posts

Leave a Comment