തിരുവനന്തപുരം: സിപിഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്രനായി അമ്പലപ്പുഴയില്‍ മത്സരിക്കുന്ന ജി.സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കും. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ജി.സുധാകരന് പിന്തുണ നല്കാന് കോണ്‍ഗ്രസ് ഉന്നത നേതൃത്വം തീരുമാനിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി. വേണുഗോപാലാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയത്. സുധാകരനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡും അനുകുലമായ നിലപാട് സ്വീകരിച്ചു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി. ജോസഫ്, ബെന്നി ബെഹനാന്, കെ. സുധാകരന്, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, കെ.മുരളീധരന്, എ.പി. അനില്‍കുമാര്‍ , അടൂര്‍ പ്രകാശ്, എം.എം. ഹസന് ഉള്‍പ്പെടെയുള്ള നേതാക്കളും അമ്പലപ്പുഴയില്‍ സുധാകരന് പിന്തുണ നല്കുന്ന കാര്യത്തില്‍ അനുകുല നിലപാടുകാരാണ്.
മുസ്ലിം ലീഗിലെ പാണക്കാട് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി, ആര്‍എസ്പി നേതാക്കളായ ഷിബു ബേബി ജോണ്‍, എന്‍.കെ. പ്രേമചന്ദ്രന് , കേരള കോണ്‍ഗ്രസ് നേതാക്കളായ പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, ഘടകകക്ഷി നേതാക്കളായ കെ.കെ. രമ, സി.പി. ജോണ്‍ ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതാക്കള്‍ക്കും സുധാകരന് പിന്തുണ നല്കുന്നതില് യോജിപ്പാണ്.
അഴിമതി വിരുദ്ധ പ്രതിഛായയുള്ള ജനകീയ മുഖമുള്ള ജി. സുധാകരനെ പിന്തുണയ്ക്കുന്നതോടെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും സിപിഎമ്മിനെതിരെയുള്ള ജനവികാരം അനുകൂലമാക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് നേതൃത്വം. 63 വര്‍ഷക്കാലത്തെ സിപിഎം ബന്ധം അവസാനിപ്പിക്കുന്നുവെന്ന് വാര്ത്താസമ്മേളനത്തിലുടെയാണ് ജി.സുധാകരന് പരസ്യമായി പ്രഖ്യാപിച്ചത്.
അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആലപ്പുഴയിലെ പാര്‍ട്ടിയെ നയിക്കുന്നത് പൊളിറ്റിക്കല്‍ ക്രിമിനല്സുകളാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. കൂടാതെ ആലപ്പുഴയിലെ നേതാക്കളായ മന്ത്രി സജി ചെറിയാന്, എച്ച്. സലാം എംഎല്‍എ, ജില്ലാ സെക്രട്ടറി നാസര്‍ എന്നിവരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
തനിക്ക് നേരേയുള്ള സൈബര്‍ ആക്രമണങ്ങളെ ചെറുക്കാതെ അതിന് ജില്ലയിലെ നേതാക്കള്‍ പിന്തുണയ്ക്കുകയും തന്നെ അപമാനിക്കുകയും ചെയ്തത് വേദനിപ്പിച്ചുവെന്നാണ് വ്യക്തമാക്കിയാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും സ്വയം ഒഴിഞ്ഞ് പോയത്. ജി. സുധാകരന് പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന പ്രചാരണവുമായാണ് സിപിഎം രംഗത്തുള്ളത്.
അമ്പലപ്പുഴയില്‍ സുധാകരന്റെ മത്സരം പാര്‍ട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് സിപിഎം നേതൃത്വം വ്യക്തമാക്കുന്നത്. സുധാകരന്റെ വാദങ്ങളെ പ്രതിരോധിക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായി മാറുകയാണ് അമ്പലപ്പുഴ. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള ഉന്നതരായ നേതാക്കള്‍ അമ്പലപ്പുഴയില്‍ സിപിഎമ്മിന് വേണ്ടി പ്രചാരണത്തിനിറങ്ങും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിന് 61,365 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന എം. ലിജുവിന് 50,240 വോട്ടും, ബിജെപി സ്ഥാനാര്‍ഥിയായിരുന്ന അനൂപ് ആന്റണി 22.389 വോട്ടും നേടിയിരുന്നു. 11,125 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സലാം കഴിഞ്ഞതവണ വിജയിച്ചത്.
കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെക്കാലമായി അമ്പലപ്പുഴയുമായി ഹൃദയബന്ധമുള്ള ജി. സുധാകരന്റെ മത്സരം ഏറെ ആകാംക്ഷയോടെയാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.കണിച്ചുകുളങ്ങരയിലെത്തി വെള്ളാപ്പള്ളി നടേശനെയും പെരുന്നയിലെത്തി ജി. സുകുമാരൻ നായരെയും കണ്ടു പിന്തുണ അഭ്യർഥിക്കുമെന്ന് ജി. സുധാകരൻ അറിയിച്ചു.
- എം.സുരേഷ്ബാബു
