ചെറുതോണി: പന്ത്രണ്ടുകാരനോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 43വയസുകാരന് ആറു വർഷം തടവും 40,000 രൂപ പിഴയും. ഇടുക്കി വലിയതോവാള സ്വദേശി മണ്ണംപ്ലാക്കൽ സുരേഷ് നാരായണനെയാണ് ഇടുക്കി അതിവേഗ (പോക്സോ) കോടതി ജഡ്ജി ഡി.എസ്. നോബൽ ശിക്ഷിച്ചത്.
2025 ജൂണിലാണ് കേസിനാസ്പദമായ സംഭവം. സ്കൂൾവിട്ട് വീട്ടിലേക്ക് വരുന്നവഴി മാമ്പഴം കൊടുക്കാമെന്നുപറഞ്ഞ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ദുരുപയോഗിക്കുകയായിരുന്നു. അന്ന് ഇരട്ടയാർ നോർത്തിലായിരുന്നു പ്രതി താമസിച്ചിരുന്നത്.
സംഭവദിവസം കുട്ടി പ്രതിയുടെ വീട്ടിലേക്ക് പോകുന്നത് കണ്ടുവെന്ന അയൽവാസിയുടെ മൊഴിയാണ് നിർണായകമായത്. 13 സാക്ഷികളെയും 12 പ്രമാണങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പിഴ ഒടുക്കാത്തപക്ഷം നാലുമാസം അധികതടവും പ്രതി അനുഭവിക്കണം. പ്രതി തുക അടയ്ക്കുന്ന പക്ഷം പിഴത്തുകയിൽ 20,000 രൂപ കുട്ടിക്ക് നൽകണം.
വിവിധ വകുപ്പുകളിലെ ഉയർന്ന ശിക്ഷയായ മൂന്നു വർഷം തടവ് പ്രതി അനുഭവിച്ചാൽ മതിയാകും. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിൻകരയിൽ കോടതിയിൽ ഹാജരായി.
