തൊടുപുഴ: വി.ഡി. സതീശന് അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരേ നടപടിയുമായി ഇടുക്കി ഡിസിസി. സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കാരണത്താല്‍ ഡിസിസി ജനറല്‍ സെക്രട്ടറി വി.ഇ.താജുദീന്, തൊടുപുഴ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു, ബ്ലോക്ക് സെക്രട്ടറി റോബിന് മൈലാടി, കര്‍ഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ജോയി മൈലാടി എന്നിവരെ പദവികളില്‍നിന്നു നീക്കം ചെയ്തതായി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അറിയിച്ചു.
വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ടൗണില്‍ പ്രകടനം നടത്തിയത്.ഡിസിസി പ്രസിഡന്റിന്റെ നടപടിക്കെതിരേ ഡീന്‍ കുര്യാക്കോസ് എംപി രംഗത്തെത്തി. മുഖ്യമന്ത്രി വിഷയത്തില്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും പ്രകടനം നടന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി തൊടുപുഴയിലും പ്രകടനം നടന്നു. അതിന്റെ പേരില്‍ നടപടിയെടുക്കുന്നത് ശരിയല്ല.
പ്രവര്‍ത്തകര്‍ പല വിഷയങ്ങളിലും വൈകാരികമായി പ്രതികരിക്കും. വൈകാരിക പ്രകടനങ്ങളെ അത്തരത്തില്‍ കാണാന്‍ ശ്രമിക്കണം. പ്രവര്‍ത്തകര്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ മറ്റുവഴികളില്ല. അച്ചടക്കത്തിന്റെ കൊടുവാള് ഉയര്‍ത്തുന്ന കേഡര്‍പാര്‍ട്ടിയല്ല കോണ്‍ഗ്രസ്.
ഇരുമ്പുവടം വലിച്ചുകെട്ടി ആരേയും ഇതിനുള്ളിലാക്കാമെന്നും കരുതുന്നില്ല. സാധാരണപ്രവര്‍ത്തകര്‍ ചോരനീരാക്കി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതെന്നും അദ്ദേഹം പറഞ്ഞു.
