വടക്കഞ്ചേരി: ടൗണിലെ വഴിയോര കച്ചവടക്കാർക്ക് മൂന്ന് ദിവസത്തെ സമയം നൽകി പുതിയ സ്ഥലത്തേക്ക് മാറ്റാൻ പഞ്ചായത്ത് ഓഫീസിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു.
പ്രസിഡന്റ് സി. പ്രസാദ് അധ്യക്ഷത വഹിച്ചു. ടൗണിൽ വർധിച്ചുവരുന്ന ഗതാഗതകുരുക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പൊതുജനങ്ങളുടെ പ്രശ്നങ്ങളും ടൗണിൽ ഇടയ്ക്കിടെ ഉണ്ടാവുന്ന റോഡപകടങ്ങളും ജീവഹാനി ഉൾപ്പെടെയുള്ള ആനുകാലിക സംഭവങ്ങളും യോഗത്തിൽ ചർച്ചയായി.
വൈസ് പ്രസിഡന്റ് ശശികല ടീച്ചർ, പോലീസ്, ആലത്തൂർ ജോയിന്റ് ആർടിഒ, ഡെപ്യൂട്ടി തഹസിൽദാർ പങ്കെടുത്തു. സെക്രട്ടറി ടി.എസ്. അബിൻ സ്വാഗതവും അസി.സെക്രട്ടറി പി.കെ. ഉമ്മർ ഫാറൂഖ് നന്ദിയും പറഞ്ഞു.
ടൗണിൽ തങ്കം തിയറ്റർ മുതൽ റോളക്സ് ഓഡിറ്റോറിയം വരെയുള്ള പ്രദേശങ്ങളിൽ അനധികൃതമായി വഴിയോര കച്ചവടം നടത്തുന്നവരെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പഴയ മാർക്കറ്റ് സമുച്ചയത്തിലേക്ക് അടിയന്തരമായി മാറ്റും. നിലവിൽ കച്ചവടം ചെയ്യുന്ന മുഴുവൻ വഴിയോര കച്ചവടക്കാർക്കും മൂന്ന് ദിവസത്തെ സമയം നൽകി നോട്ടീസ് നൽകും.
തങ്കം തിയറ്റർ മുതൽ ചെറുപുഷ്പം സ്കൂൾ വരെയുള്ള റോഡരികിലെ അനധികൃത പാർക്കിംഗ് പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
പഞ്ചായത്തിന്റെ ട്രാഫിക് പരിഷ്കരണ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് എൽഎസ്ജിഡി, പോലീസ്, റവന്യു, പൊതുമരാമത്ത് റോഡ്സ് വിഭാഗം ആർടിഒ എന്നീ വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കുന്നതിനും തീരുമാനങ്ങൾ ലംഘിക്കുന്ന വഴിയോര കച്ചവടക്കാർക്കെതിരേയും വാഹന ഉടമകൾക്കെതിരെയും വകുപ്പുകൾ ആവശ്യമായ കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചിട്ടുണ്ട്.
