കയറ്റുമതി നിരോധനം നീക്കി; പച്ചക്കറികള്‍ ഇനി യൂറോപ്പിലേക്ക്

weigatbleനെടുമ്പാശേരി: ഇന്ത്യയില്‍നിന്നു യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളിലേക്കുള്ള പച്ചക്കറി കയറ്റുമതി നിരോധനം നീക്കി. ഇതുസംബന്ധിച്ച അറിയിപ്പ് യൂറോപ്യന്‍ യൂണിയനില്‍നിന്നു ലഭിച്ചതായി കേന്ദ്ര കാര്‍ഷിക മന്ത്രാലയം കയറ്റുമതി, ഇറക്കുമതി വിഭാഗം അസിസ്റ്റന്‍റ് ഡയറക്ടര്‍ ആര്‍.എസ്. അറോറ അറിയിച്ചു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ കയറ്റുമതി സ്ഥാപനങ്ങള്‍, അനുബന്ധ വ്യവസായികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന കാരണത്താല്‍ മൂന്നു വര്‍ഷം മുമ്പാണ് പഴം, പച്ചക്കറി എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. മാമ്പഴം, വഴുതന, പടവലം, പാവയ്ക്ക തുടങ്ങിയവയ്ക്കാണ് വിലക്ക് ഉണ്ടായിരുന്നത്. ഇതുമൂലം കൃഷിക്കാര്‍ക്ക് കോടിക്കണക്കിനു രൂപയുടെ നഷ്ടം സഹിക്കേണ്ടിവന്നു. ആദ്യവര്‍ഷം ടണ്‍കണക്കിനു മാമ്പഴം ഇന്ത്യയില്‍ കെട്ടിക്കിടന്നു.

കീടനാശിനി തളിക്കുന്നത് ഉള്‍പ്പെടെയുള്ള രാസപ്രയോഗങ്ങളില്‍ കര്‍ശന നിയന്ത്രണം നിലവില്‍ വന്നതോടെ കഴിഞ്ഞ വര്‍ഷം മാമ്പഴത്തിന്‍റെ വിലക്കു നീക്കിയിരുന്നു. 2017 ജനുവരി മുതല്‍ പച്ചക്കറിയുടെ വിലക്കും നീക്കിയതായാണ് അറിയിപ്പ് ലഭിച്ചിട്ടുള്ളത്. യൂറോപ്യന്‍ യൂണിയന്‍ നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചു കയറ്റുമതി നടത്താവുന്നതാണ്.

കേന്ദ്ര കാര്‍ഷിക മന്ത്രാലയം പ്ലാന്‍റ് ക്വാറന്‍റൈന്‍ വിഭാഗം അസിസ്റ്റന്‍റ് ഡയറക്ടര്‍ പ്രകാശ് റാവു, സിയാല്‍ ഡിജിഎം പോള്‍ കോച്ചേരില്‍ എന്നിവരും സെമിനാറില്‍ പ്രസംഗിച്ചു.

Related posts