കൽപന വിടപറഞ്ഞിട്ട് പത്തുവർഷം. കാലം എത്ര പെട്ടന്നാണ് കടന്നുപോകുന്നത്. ചിരിക്കുന്ന മുഖത്തോടെ മാത്രം കണ്ടിരുന്ന കല്പനയെ മറക്കാൻ കഴില്ല. അദ്ഭുത ദ്വീപും, ആകാശഗംഗയും, വെള്ളി നക്ഷത്രവും പോലുള്ള എന്റെ നിരവധി സിനിമകളിൽ കല്പനയുടെ കഥാപാത്രങ്ങൾ ചിരിയുടെ പൂരം തീർത്തിരുന്നു. ഈ ചിരിക്കുന്ന മുഖത്തിനപ്പുറം നിലപാടുള്ള ഒരു വ്യക്തിത്വം കല്പനയ്ക്കുണ്ടായിരുന്നു എന്ന കാര്യം ഞാനിവിടെ ഓർക്കുകയാണ്.
പൃഥ്വിരാജിന് അമ്മ സംഘടന വിലക്ക് ഏർപ്പെടുത്തിയ സമയത്തായിരുന്നു “അദ്ഭുതദ്വീപ്’ പ്ലാൻ ചെയ്യുന്നത്. ആ നടനോടൊപ്പം അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് മറ്റു താരങ്ങൾ എഗ്രിമെന്റ് ഒപ്പിടാൻ മടിച്ച സമയത്ത്, പക്രുവാണ് നായകൻ എന്നല്ലെ വിനയേട്ടൻ പറഞ്ഞത്? നമുക്കതല്ലേ അറിയു, അതുകൊണ്ട് ഞാൻ ഒപ്പിട്ടു കൊടുത്തു എന്ന് ചിരിച്ചു കൊണ്ട് അമ്പിളിച്ചേട്ടനോട് (ജഗതി ശ്രീകുമാർ) പറഞ്ഞ കല്പനയുടെ മുഖം ഞാനിന്നും ഓർക്കുന്നു.
ചിരിച്ചുകൊണ്ടുതന്നെ അമ്പിളിചേട്ടനും ഒപ്പിട്ടു. ആ വിലക്ക് പൊളിയുകയും ചെയ്തു. പൃഥ്വിയോട് സംഘടന ചെയ്യുന്നത് നീതിയല്ല എന്ന വ്യക്തമായ ധാരണ കല്പനക്ക് അന്നുണ്ടായിരുന്നു. അതായിരുന്നു കൽപന. -വിനയൻ
