നിലവിലെ സാഹചര്യത്തിൽ മലയാളം, തമിഴ് സിനിമകൾ വളരെ കരുത്തുറ്റ ചിത്രങ്ങളാണ് നിർമിക്കുന്നത്. എന്നാൽ, ഹിന്ദി സിനിമയ്ക്ക് അതിന്റെ വേരുകൾ നഷ്ടപ്പെട്ടു. മാഡം ടുസാഡ്സ് മ്യൂസിയത്തിലെ പ്രതിമകളെപ്പോലെ കാണാൻ എല്ലാം മനോഹരമാണ്. പക്ഷേ പ്ലാസ്റ്റിക് പോലെ കൃത്രിമവുമാണ്. എന്നാൽ, ദക്ഷിണേന്ത്യയിൽ ഇപ്പോഴും കഥകളുണ്ട്.
തമിഴിലെ പുതിയ സംവിധായകർ ദളിത് വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു. അത് വലിയ പ്രതീക്ഷ നൽകുന്നു. മൾട്ടിപ്ലക്സുകളുടെ വരവോടെ ബോംബെ സിനിമാ വ്യവസായം നഗരപ്രദേശങ്ങളിലെ പ്രേക്ഷകർക്ക് വേണ്ടി മാത്രമായി സിനിമകൾ നിർമിക്കാൻ തുടങ്ങി. ഇന്ന് സിനിമ എന്നാൽ വെറും പണവും പുറംമോടിയുമായി മാറി.
പേജ്-03 സംസ്കാരത്തിന് പിന്നാലെ പോയ ബോളിവുഡിന് ബിഹാറിലെയും രാജസ്ഥാനിലെയും ഗ്രാമീണ ജീവിതവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. സ്വാതന്ത്ര്യാനന്തര കാലത്ത് “അമർ അക്ബർ ആന്റണി’ പോലുള്ള സിനിമകൾ സമൂഹത്തിൽ ഐക്യവും മതേതരത്വവും വളർത്തിയിരുന്നു.
എന്നാൽ, ഇന്നത്തെ സിനിമകൾ വെറും റീൽസുകളിലും സെൽഫ് പ്രമോഷനുകളിലും പണത്തിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതുമൂലം പ്രേക്ഷകരുമായുള്ള ആത്മബന്ധം സിനിമക്ക് നഷ്ടമായി.
-പ്രകാശ് രാജ്
