ഐഫോണ്‍ ഉപയോഗിച്ചത് ‘ഡിങ്കിരി’ ! ഫോണിലിട്ടത് വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡ്; ചിത്രം വ്യക്തമാകുന്നത് ഇങ്ങനെ…

സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സല്‍ ജനറലിനായി സ്വപ്നയ്ക്കു കൈമാറിയ ഐ ഫോണ്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം തുടങ്ങി. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ മൊഴിയെടുക്കാനാണ് ഇഡിയുടെ കൊച്ചി, ബെംഗളൂരു യൂണിറ്റുകള്‍ തയാറെടുക്കുകയാണ്.

കസ്റ്റംസ് ഇവരെ ചോദ്യം ചെയ്തതിനു ശേഷമായിരിക്കും ഇത്. ഐ ഫോണ്‍ കുറച്ചുനാള്‍ ഉപയോഗിച്ചിരുന്നതു ബിനീഷ് കോടിയേരിയാണെന്നു കോള്‍ പട്ടിക പരിശോധിച്ചതില്‍ നിന്നു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു.

വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡാണ് ബിനീഷ് ഉപയോഗിച്ചിരുന്നതെന്ന സൂചനയാണ് കസ്റ്റംസ് ഇഡിക്ക് കൈമാറിയത്. ഇതില്‍ നിന്നുളള ചില കോളുകളില്‍ ബിനീഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്പറുകളും ശ്രദ്ധയില്‍പെട്ടതോടെയാണ് ബംഗളൂരു ഇഡിയും അന്വേഷണത്തിനു മുതിരുന്നത്.

സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതിനു ശേഷവും ഈ ഫോണ്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ലൈഫ് മിഷന്‍ കേസിനൊപ്പം, യുഎഇ വീസ സ്റ്റാംപിങ് കരാര്‍ ലഭിച്ച യുഎഎഫ്എക്‌സ് സൊല്യൂഷന്‍സും കേസിന്റെ ചിത്രത്തിലേക്കു വന്നതോടെയാണ് ഫോണ്‍ ഓഫാക്കുന്നത്.

യുഎഎഫ്എക്‌സ് സൊല്യൂഷന്‍സിന്റെ പാര്‍ട്‌നറെ ബെംഗളൂരുവില്‍ ബിനീഷ് കോടിയേരി ഉള്‍പ്പെട്ട കേസില്‍ ചോദ്യം ചെയ്തിരുന്നു. വിനോദിനി നാളെ ഹാജരായില്ലെങ്കില്‍ വീണ്ടും നോട്ടീസ് നല്‍കാനാണ് കസ്റ്റംസിന്റെ പദ്ധതി.

ഫോണ്‍ സ്വപ്നയ്ക്ക് കൈമാറിയതാണ് എന്നാണു സന്തോഷ് ഈപ്പന്‍ വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസ് കോടതിയുടെ അനുമതി തേടും.

ഫോണ്‍ എങ്ങനെ കിട്ടിയെന്ന വിനോദിനിയുടെ ഉത്തരത്തിനു ശേഷമാകും കസ്റ്റംസ് വീണ്ടും സ്വപ്നയിലേക്കും തുടര്‍ ചോദ്യങ്ങളിലേക്കും പോകുക. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സിപിഎമ്മിന് തലവേദനയാകുകയാണ് പുതിയ സംഭവ വികാസങ്ങള്‍…

Related posts

Leave a Comment