ബൈക്ക് മോഷ്ടിക്കുന്നതിന് മുൻപ് കാപ്പിയുണ്ടാക്കി കുടിച്ചു, കുളിച്ച് ഡാൻസും കളിച്ചു; വാരാണസിയിൽ കെടിഎം ബൈക്ക് മോഷണം പോയത് വ്യത്യസ്ത സംഭവങ്ങൾക്ക് ഒടുവിൽ
ഉത്തർപ്രദേശിലെ വാരാണസിയിൽ ഒരു മോട്ടോർസൈക്കിൾ ഷോറൂമിൽ നടന്ന വിചിത്രമായ മോഷണത്തിന്റെ ഞെട്ടലിൽ പൊലീസും പൊതുജനങ്ങളും. ഷോറൂം മാനേജരുടെ ഏകദേശം 4.71 ലക്ഷം രൂപ വിലമതിക്കുന്ന കെടിഎം ബൈക്കുമായി കടന്നുകളയുന്നതിന് മുൻപ് പ്രതി ഷോറൂമിനുള്ളിൽ ചെലവഴിച്ചത് നാലര മണിക്കൂറിലധികം സമയമാണ്.
മണ്ഡുവാദിഹ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യാതൊരു ടെൻഷനുമില്ലാതെ ഷോറൂമിൽ കഴിഞ്ഞ പ്രതിയുടെ പെരുമാറ്റം സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഉടൻ തന്നെ മോഷണം നടത്തുന്നതിന് പകരം, ഷോറൂമിനുള്ളിൽ വെച്ച് കാപ്പിയുണ്ടാക്കിക്കുടിക്കുന്നതും കുളിച്ച് വസ്ത്രങ്ങൾ ഉണക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം.
പ്രത്യേകം ശ്രദ്ധിക്കപ്പെട്ടത് പ്രതി ഷോറൂമിനുള്ളിൽ വെച്ച് ‘ലുങ്കി ഡാൻസ്’ എന്ന ബോളിവുഡ് ഗാനത്തിന് അനുസരിച്ച് നൃത്തം ചെയ്തതാണ്. മണിക്കൂറുകളോളം ഷോറൂമിൽ അടിച്ചുപൊളിച്ച് സമയം ചെലവഴിച്ച ശേഷമാണ് ഇയാൾ മാനേജരുടെ വിലകൂടിയ കെടിഎം ബൈക്കുമായി കടന്നുകളഞ്ഞത്.
സംഭവത്തിൽ മണ്ഡുവാദിഹ് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വാരാണസി പൊലീസ് കമ്മീഷണറേറ്റ് എക്സിൽ അറിയിച്ചു. പ്രതിയെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്.
