ഇന്ത്യയിലെ കോർപ്പറേറ്റ് ജോലി സംസ്കാരത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. യൂറോപ്പിൽ താമസിക്കുന്ന ഇന്ത്യക്കാരനായ പ്രദീപ് പങ്കജ് സിംഗിന്റെ വീഡിയോ വൈറലായതോടെയാണ് ഈ വിഷയം വീണ്ടും ചർച്ചകൾക്ക് ഇടംപിടിക്കുന്നത്. ഇന്ത്യയിലെ കഠിനമായ തൊഴിൽ സാഹചര്യങ്ങളും യൂറോപ്പിലെ തൊഴിലാളി സൗഹൃദ അന്തരീക്ഷവും തമ്മിലുള്ള വ്യക്തമായ വ്യത്യാസങ്ങളാണ് അദ്ദേഹം തന്റെ വീഡിയോയിലൂടെ തുറന്നുകാട്ടുന്നത്.
ഇന്ത്യയിലെ ഐടി മേഖലയിൽ പത്ത് വർഷത്തോളം ജോലി ചെയ്ത ശേഷമാണ് പ്രദീപ് നാല് വർഷം മുമ്പ് പോളണ്ടിലേക്ക് കുടിയേറിയത്. ഇന്ത്യയിലെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട്, നിശ്ചിത സമയ പരിധിക്കപ്പുറം ജോലി ചെയ്യുന്നത് അവിടെ ഒരു സാധാരണ കാര്യമായിരുന്നെന്ന് അദ്ദേഹം ഓർക്കുന്നു.
ജോലി സമയം കഴിഞ്ഞ് കൃത്യസമയത്ത് ഇറങ്ങുന്ന ജീവനക്കാരെ സഹപ്രവർത്തകരും മാനേജ്മെന്റും പരോക്ഷമായ കുറ്റപ്പെടുത്തലുകളോടെയാണ് നോക്കിക്കണ്ടിരുന്നത്. ഷിഫ്റ്റ് പൂർത്തിയാക്കിയ ശേഷവും ആരാണ് ആദ്യം ഓഫീസ് വിട്ടുപോകുന്നത് എന്ന് നിരീക്ഷിക്കുന്ന ഒരു പ്രവണത നിലനിന്നിരുന്നതായും, ഇത് വെറും ‘കാണിച്ചുകൂട്ടലിന്റെ’ അന്തരീക്ഷം സൃഷ്ടിച്ചതായും പ്രദീപ് വ്യക്തമാക്കുന്നു.
പോളണ്ടിലെ നാല് വർഷത്തെ ജീവിതത്തിൽ ഒരിക്കൽ പോലും എട്ട് മണിക്കൂർ എന്ന നിശ്ചിത സമയത്തിനപ്പുറം ജോലി ചെയ്യാൻ താൻ നിർബന്ധിതനായിട്ടില്ലെന്ന് പ്രദീപ് പറയുന്നു. ഔദ്യോഗിക ജോലി സമയത്തെ യൂറോപ്യൻ മാനേജ്മെന്റ് പൂർണമായും ബഹുമാനിക്കുന്നുണ്ടെന്നും, വൈകുന്നേരങ്ങൾക്ക് ശേഷം ഔദ്യോഗിക ഫോൺ കോളുകൾ വരുന്നത് അവിടെ പതിവില്ലാത്ത കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോലി സമയത്തിലെ കൃത്യതയ്ക്ക് പുറമെ, അധിക ജോലിക്ക് ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം. പോളണ്ടിൽ ഓവർടൈം ജോലി ചെയ്യുന്നവർക്ക് സാധാരണ ശമ്പളത്തിന്റെ 200 ശതമാനം വരെ അധിക വേതനം ലഭിക്കാറുണ്ട്. എന്നാൽ ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിൽ ഇത്തരം നിയമങ്ങൾ കൃത്യമായി നടപ്പിലാക്കാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വ്യക്തിജീവിതത്തിനുള്ള ഇത്തരം നിയമപരമായ സംരക്ഷണമാണ് വിദേശത്തുള്ള പ്രവാസി തൊഴിലാളികൾക്ക് ഉയർന്ന മാനസിക സമാധാനവും സന്തോഷവും നൽകുന്നതെന്നും പ്രദീപ് പങ്കജ് സിംഗ് കൂട്ടിച്ചേർക്കുന്നു.
