ഉത്തരാഖണ്ഡിലെ മസൂറിയിൽ ഓടുന്ന ടാക്സിയിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറത്തേക്ക് എറിഞ്ഞ വിനോദസഞ്ചാരികളെ ഒരു സാമൂഹിക പ്രവർത്തകൻ ശാന്തമായി നേരിടുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
പരിസ്ഥിതി സംഘടനയുടെ സ്ഥാപകനും സാമൂഹിക പ്രവർത്തകനുമായ അനൂപ് നൗട്ടിയാൽ എന്ന വ്യക്തിയാണ് വിനോദസഞ്ചാരികളെ ചോദ്യം ചെയ്തത്. മസൂറി റൂട്ടിൽ സഞ്ചരിക്കുമ്പോൾ മുന്നിലുള്ള ടാക്സി വാഹനത്തിൽ നിന്നും വിനോദസഞ്ചാരികൾ പ്ലാസ്റ്റിക് കപ്പും സ്പൂണും റോഡിലേക്ക് വലിച്ചെറിഞ്ഞു. അനൂപ് നൗട്ടിയാൽ വാഹനം നിർത്തുകയും, റോഡിൽ കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്വന്തമായി പെറുക്കിയെടുത്ത് ആ ടാക്സി യാത്രക്കാർക്ക് തന്നെ തിരികെ നൽകുകയും ചെയ്തു.
വളരെ ശാന്തമായും എന്നാൽ ദൃഢമായും വിനോദസഞ്ചാരികളോട് സംസാരിക്കുന്ന ഈ രംഗം മറ്റൊരു വ്യക്തി മൊബൈലിൽ പകർത്തുകയായിരുന്നു. “നിങ്ങൾ വിദ്യാസമ്പന്നരാണ്, മലനിരകളിലോ മറ്റെവിടെയെങ്കിലുമോ ഇങ്ങനെ മാലിന്യങ്ങൾ വലിച്ചെറിയരുത്” എന്ന് അദ്ദേഹം അവരെ ഓർമ്മിപ്പിച്ചു. യാത്രക്കാരോട് പരസ്യമായി വഴക്കിടാന് നില്ക്കാതെ അദ്ദേഹം കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോൾ വിനോദസഞ്ചാരികൾ തങ്ങളുടെ തെറ്റ് സമ്മതിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പൊതുജനങ്ങൾ കാണിക്കേണ്ട ഉത്തരവാദിത്തത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുമുള്ള വലിയൊരു ചർച്ചയ്ക്കാണ് ഈ വീഡിയോ വഴിവെച്ചിരിക്കുന്നത്. അതുപോലെതന്നെ വലിയ തരത്തിലുള്ള അഭിനന്ദനങ്ങളാണ് അനൂപ് നൗട്ടിയാൽ സമൂഹ മാധ്യമങ്ങളിൽ ഏറ്റുവാങ്ങുന്നത്. ഇതുപോലെ മറ്റുള്ളവരും മാതൃകയാകണം എന്നു പറയുകയും സമാന അനുഭവങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തി.
