ഒരു ബസ് ഡ്രൈവ്രർക്ക് സംഭവിച്ച അബദ്ധവും അതിനെത്തുടർന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ന്യൂസിലാൻഡിലെ ഒരു സർവകലാശാലയ്ക്ക് സമീപം ശ്രിയ എന്ന യുവതി കാർ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. യുവതി കാർ ഇട്ടിട്ട് പോയ സമയത്ത് ഒരു ബസ് ഡ്രൈവർ അറിയാതെ കാറിൽ ഇടിക്കുകയും ചെയ്തു. എന്നാൽ കാർ അപകടം ഉണ്ടായ ശേഷം ഞാനൊന്നുമറിഞ്ഞില്ലേ എന്ന് പറഞ്ഞ് അദ്ദേഹം സ്ഥലം വിട്ടില്ല. പകരം വണ്ടി തട്ടിയെന്നും അറിയാതെ സംഭവിച്ചതാണെന്നും ഒരു കുറിപ്പ് കൂടി അദ്ദേഹം എഴുതിവച്ചു.
യുവതി കാറിനടുത്ത് എത്തിയപ്പോഴാണ് വണ്ടി തട്ടിയ കാര്യം മനസിലായത്. കാർ പരിശോധിച്ചപ്പോൾ കാറിന്റെ വിൻഡ്ഷീൽഡ് വൈപ്പറിന് അടിയിൽ ഒരു കുറിപ്പ് ഇരിക്കുന്നത് കണ്ട് യുവതി ആദ്യമൊന്നു പേടിച്ചു.
‘ക്ഷമിക്കണം, ഞാൻ നിങ്ങളുടെ കാറിലിടിച്ചു’ എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. ഇതൊരു ‘ഹിറ്റ്-ആൻഡ്-റൺ’ (ഇടിച്ചിട്ട് നിർത്താതെ പോയ) കേസ് ആയിരിക്കുമെന്നാണ് താൻ കരുതിയതെന്ന് ശ്രീയ വീഡിയോയിൽ പറയുന്നു. എന്നാൽ, ആ കുറിപ്പിൽ അപകടത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ബസ് ഡ്രൈവർ തന്റെ പേരും ഫോൺ നമ്പറും നൽകിയിരുന്നു. കൂടാതെ വാഹനത്തിന്റെ കേടുപാടുകൾ പരിഹരിക്കുന്നതിനായി ബസ് ഡിപ്പോയുമായി ബന്ധപ്പെടാനും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതു വായിച്ചപ്പോൾ യുവതിക്ക് ആദ്യം ദേഷ്യം വന്നെങ്കിലും ഡ്രൈവറുടെ സത്യസന്ധത ഓർത്തപ്പോൾ വന്ന ദേഷ്യമൊക്കെ പമ്പ കടന്നു. വണ്ടി ഇടിച്ചിട്ട് അദ്ദേഹത്തിനു വേണമെങ്കിൽ നിർത്താതെ പോകാമായിരുന്നു. എന്നാൽ അദ്ദേഹമങ്ങനെ ചെയ്തില്ല. ‘തികച്ചും അപരിചിതനായ വ്യക്തി എനിക്കായി ഒരു കുറിപ്പ് എഴുതിവെക്കാൻ സമയവും ക്ഷമയും കാണിച്ചു. മനുഷ്യർ എത്രയോ ദയയുള്ളവരാണ്! എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമായി മാറേണ്ടിയിരുന്ന ഒന്നാണ് ന്യൂസിലൻഡിലെ എറ്റവും മനോഹരമായ അനുഭവമായി മാറിയത്’ എന്ന് യുവതി വീഡിയോ പങ്കുവച്ചുകൊണ്ട് പറഞ്ഞു.
