പഠനാവശ്യത്തിനു തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീലവീഡിയോകളുടെ പ്രവാഹം ! തന്റെ നമ്പറില്‍ നിന്ന് വന്ന വീഡിയോകളില്‍ തനിക്ക് പങ്കില്ലെന്ന് വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍…

പഠനാവശ്യത്തിനു തുടങ്ങിയ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീലച്ചിത്രങ്ങളുടെയും വീഡിയോകളുടെയും പ്രവാഹമായതോടെ ഗ്രൂപ്പ് പൂട്ടി. ലഖ്‌നൗ സര്‍വകലാശാലയിലെ ഇന്ത്യന്‍ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി വിഭാഗം ബിരുദ വിദ്യാര്‍ഥികളുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും പ്രചരിച്ചത്.

സര്‍വകലാശാല അധികൃതരുടെ പരാതിയില്‍ ഹസന്‍ഗഞ്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അധ്യാപകരുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ഥിനികളിലൊരാളാണ് വാട്സാപ്പ് ഗ്രൂപ്പ് നിര്‍മിച്ചത്.

ഏകദേശം 170-ഓളം വിദ്യാര്‍ഥികളും അധ്യാപകരും ഗ്രൂപ്പിലുണ്ടായിരുന്നു. എന്നാല്‍ പഠനാവശ്യത്തിന് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പില്‍ ശനിയാഴ്ച രാത്രി മുതല്‍ അശ്ലീലചിത്രങ്ങളും അശ്ലീലസന്ദേശങ്ങളും വീഡിയോകളും പ്രത്യക്ഷപ്പെട്ടെന്നാണ് പരാതി.

സഹപാഠിയായ ഒരു വിദ്യാര്‍ഥിയുടെ നമ്പറില്‍നിന്നാണ് അശ്ലീലചിത്രങ്ങള്‍ വന്നതെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. രാത്രി 11.58-ന് ഈ നമ്പറില്‍നിന്ന് ആദ്യം ഒരു അശ്ലീലചിത്രം ഗ്രൂപ്പില്‍വന്നു.

ക്ലാസിലെ നാല് പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള അശ്ലീലസന്ദേശത്തിന് പിന്നാലെയായിരുന്നു ഈ ചിത്രം വന്നത്. ശേഷം ഇതേ നമ്പറില്‍നിന്ന് വിദ്യാര്‍ഥിനികളെയും അധ്യാപകരെയും അപമാനിച്ചുള്ള സന്ദേശങ്ങള്‍ നിരന്തരം പ്രത്യക്ഷപ്പെട്ടു.

ഇതിനിടെ, അശ്ലീലചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത നമ്പറുടമ ഗ്രൂപ്പില്‍നിന്ന് പുറത്തുപോവുകയും അല്പസമയത്തിന് ശേഷം വീണ്ടും ഗ്രൂപ്പില്‍ പ്രവേശിച്ച് അശ്ലീലചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് തുടരുകയും ചെയ്തു.

എന്നാല്‍ തനിക്ക് ഇതിലൊന്നും പങ്കില്ലെന്നാണ് പ്രസ്തുത നമ്പറുടമയായ വിദ്യാര്‍ഥിയുടെ മറുപടി. അശ്ലീലചിത്രങ്ങള്‍ നിറഞ്ഞതോടെ വിദ്യാര്‍ഥികളില്‍ മിക്കവരും ഗ്രൂപ്പില്‍നിന്ന് എക്സിറ്റടിച്ച് പുറത്തുപോയി.

ചിലര്‍ രാത്രിതന്നെ അധ്യാപകരെ വിവരമറിയിക്കുകയും ചെയ്തു. ഇതോടെയാണ് പഠനവിഭാഗം മേധാവി സര്‍വകലാശാല ഭരണാധികാരികള്‍ക്ക് പരാതി നല്‍കിയത്.

തുടര്‍ന്ന് സര്‍വകലാശാല അധികൃതര്‍ പരാതി പോലീസിന് കൈമാറുകയായിരുന്നു. അശ്ലീലസന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും സന്ദേശങ്ങള്‍ അയച്ച നമ്പറും അധികൃതര്‍ പോലീസിന് നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment