പല്ലു തേപ്പ്, കുളി തുടങ്ങിയ ചീത്ത ശീലങ്ങളൊന്നുമില്ല ! ദുര്‍ഗന്ധം സഹിക്കാനാവാതെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

കുളിയും,പല്ലുതേപ്പുമൊക്കെ ശീലമില്ലാത്ത ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി.സ്ഥിരമായി കുളിക്കുകയോ പല്ലുതേയ്ക്കുകയോ ചെയ്യാത്ത ഭര്‍ത്താവുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നും വിവാഹ മോചനം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് യുവതി സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചത്. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. 20 വയസുകാരിയായ സോനി ദേവി എന്ന യുവതിയാണ് 23കാരനായ ഭര്‍ത്താവ് മനീഷിനെതിരേ പരാതി നല്‍കിയത്.

സംഭവത്തില്‍ രണ്ടുമാസത്തെ സമയം കമ്മീഷന്‍ യുവാവിന് അനുവദിച്ച് നല്‍കിയിട്ടുണ്ട്. നിശ്ചിത സമയ പരിധിക്കകം മനീഷ് തന്റെ ജീവിത രീതിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ വിവാഹ മോചന നടപടികളുമായി മുന്നോട്ട് പോകുമെന്നും കമ്മീഷന്‍ യുവാവിന് താക്കീതു നല്‍കി. ഭര്‍ത്താവ് പ്ലംബറാണെന്നും 10 ദിവസം കൂടുമ്പോള്‍ മാത്രമേ ഇയാള്‍ കുളിയ്ക്കുകയോ പല്ലു തേക്കുകയോ ചെയ്യാറുള്ളൂവെന്നും അടുത്തു വരുമ്പോള്‍ അസഹ്യമായ ദുര്‍ഗന്ധമാണെന്നും യുവതി പറയുന്നു. ഇതിനാലാണ് താന്‍ വിവാഹം മോചനം ആഗ്രഹിക്കുന്നതെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി.

അടിസ്ഥാന പരമായി ഒരു വ്യക്തിയ്ക്ക് വേണ്ട ശുചിത്വം പാലിക്കാന്‍ യുവാവിനോട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷന്‍ അംഗം പ്രതിമ സിന്‍ഹ പറഞ്ഞു. രണ്ടു മാസത്തിനകം യുവാവ് തന്റെ രീതിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ കുടുംബ കോടതിയെ സമീപിക്കുമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു. തന്റെ രീതികളില്‍ മാറ്റം വരുത്താന്‍ പരമാവധി ശ്രമിക്കുമെന്ന് സോനിയുടെ ഭര്‍ത്താവ് മനീഷ് അറിയിച്ചതായും കമ്മീഷന്‍ അംഗം പ്രതിമ സിന്‍ഹ പറഞ്ഞു.

Related posts