പെണ്‍കുട്ടിയുമായി യുവാവ് ഒളിച്ചോടി ! ഗര്‍ഭിണി ഉള്‍പ്പെടെയുള്ള യുവാവിന്റെ സഹോദരിമാരെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി വിവസ്ത്രരാക്കി പീഡിപ്പിച്ച് പോലീസ്; പീഡനത്തില്‍ യുവതിയുടെ ഗര്‍ഭമലസി…

സഹോദരന്‍ കാമുകിയ്‌ക്കൊപ്പം ഒളിച്ചോടിയതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ സഹോദരിയെയും മറ്റ് രണ്ട് സഹോദരിമാരെയും സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ച് പോലീസ്. മൂവരെയും ഇവിടെ വെച്ച് പോലീസ് ഉദ്യോഗസ്ഥര്‍ വിവസ്ത്രരാക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഒളിച്ചോടിയ യുവാവിന്റെ കാമുകിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചോദ്യം ചെയ്യാനായിരുന്നു യുവാവിന്റെ സഹോദരിമാരെ പോലീസ് വിളിച്ചുവരുത്തിയത്. ആസാമിലെ ഡരാംഗ് ജില്ലയിലാണ് ക്രൂരമായ സംഭവം ഉണ്ടായത്.

പോലീസുകാര്‍ക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു കാര്യവും ഉണ്ടാകാതെ വന്നതോടെ യുവതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വിവരിക്കുകയായിരുന്നു. താന്‍ രണ്ട് മാസവും 22ദിവസവും ഗര്‍ഭിണിയായിരുന്നെന്നും എന്നാല്‍ പോലീസ് മര്‍ദ്ദനത്തില്‍ ഗര്‍ഭം അലസിയെന്നും യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. സെപ്റ്റംബര്‍ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. തുടര്‍ന്ന് ചൊവ്വാഴ്ച യുവതി മാധ്യമങ്ങളെ കണ്ടതോടെയാണ് കാര്യം പുറംലോകം അറിയുന്നത്. സെപ്റ്റംബര്‍ 10ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് യുവതികളില്‍ ഒരാള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.

ബുഹ്റ പോലീസ് ഔട്ട്‌പോസ്റ്റിലെ ഇന്‍ചാര്‍ജ് ആയിരുന്ന ഉദ്യോഗസ്ഥന്‍ തങ്ങളെ സെപ്റ്റംബര്‍ രാത്രി വീട്ടില്‍ നിന്നും ചോദ്യം ചെയ്യാന്‍ കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് രാത്രി പോലീസ് സ്റ്റേഷനില്‍ വെച്ച് തങ്ങളെ അവിടുള്ള ഉദ്യോഗസ്ഥര്‍ വിവസ്ത്രരാക്കുകയും ക്രൂരമായി പീഡിപ്പിച്ചെന്നും ദേഹോപദ്രവമേല്‍പ്പിച്ചെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.തങ്ങളെ ക്രൂര പീഡനത്തിനരയാക്കിയത് രണ്ട് പുരുഷ ഉദ്യോഗസ്ഥരും ഒരു വനിത ഉദ്യോഗസ്ഥയുമാണെന്ന് യുവതി പറയുന്നു.

ഒളിച്ചോടി പോയ സഹോദരന്റെയും കാമുകിയുടെയും കാര്യം തിരക്കിയായിരുന്നു ക്രൂര പീഡനം. ക്രൂര മര്‍ദ്ദനത്തിന് ശേഷം മൂന്ന് ദിവസം താന്‍ ആശുപത്രിയിലായിരുന്നെന്നും എന്നാല്‍ തന്റെ ഗര്‍ഭം അലസിയെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതായും യുവതി പറഞ്ഞു. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ യുവതികളെ ക്രൂരമായി പീഡിപ്പിച്ച വനിത ഉദ്യോഗസ്ഥ അടക്കം ഉള്ള മൂന്ന് പേരെയും സസ്പെന്‍ഡ് ചെയ്തു. മാത്രമല്ല ഇവര്‍ക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ട് കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related posts