സമ്പന്നയായ പെണ്‍കുട്ടിയെ പ്രണയിച്ച 18കാരന് ഇരുമ്പുകട്ട കൊണ്ട് മര്‍ദനം ! നില ഗുരുതരം; സംഭവം പാലക്കാട്ട്…

പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ പതിനെട്ടുകാരനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു.

പാലക്കാട് മുണ്ടൂര്‍ സ്വദേശി അഫ്‌സലിനാണ് ഇരുമ്പുകട്ട കൊണ്ടുള്ള ഇടിയില്‍ ഗുരുതരമായി പരുക്കേറ്റത്. അഫ്‌സല്‍ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയതിന്റെ പേരിലാണ് അഫ്‌സലിനെ മര്‍ദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.

ഈ മാസം 15നു മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് അഫ്‌സലിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്.

അട്ടപ്പാടി വരെ ക്രൂരമായി മര്‍ദിച്ചു. ബോധം നഷ്ടപ്പെട്ടതിന് പിന്നാലെ, മരിച്ചെന്ന് കരുതി വഴിയില്‍ ഉപേക്ഷിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇരുമ്പുകട്ട കൊണ്ടു നെഞ്ചിലും മുഖത്തും കാലിലും പരുക്കേല്‍പ്പിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്‌സലിന്റെ ശാരീരികാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

ശരിയായ രീതിയില്‍ പോലീസ് അന്വേഷണമുണ്ടായില്ലെന്നും ഇതുവരെ മൊഴിയെടുത്തിട്ടില്ലെന്നും കുടുംബം ആരോപിച്ചു.

മണ്ണാര്‍ക്കാട് സ്വകാര്യ കോളജിലെ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ് അഫ്‌സല്‍. കാറില്‍ കയറ്റിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ അഫ്‌സലിന്റെ സുഹൃത്ത് മൊബൈലില്‍ പകര്‍ത്തിയിരുന്നു.

ഇതാണ് പ്രധാന തെളിവായത്. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ അക്രമിച്ചവരുടെ ബന്ധുക്കള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അഫ്‌സലിന്റെ ബന്ധുക്കള്‍ പറഞ്ഞു.

Related posts

Leave a Comment