തൃശൂര്‍: 517 റിക്രൂട്ട് പോലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് ശനിയാഴ്ച നടക്കും. രാമവര്‍മപുരം കേരള പോലീസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ കേരള ആംഡ് പോലീസ് ഒന്ന്, രണ്ട്, അഞ്ച് ബറ്റാലിയനുകളില്‍ നിന്നുളള സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും. പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ രാവിലെ 7.30ന് നടക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഡയറക്ടര്‍ (ട്രെയിനിംഗ്) രാജേഷ് ദിവാന്‍, എഡിജിപി (ആംഡ് പോലീസ് ബറ്റാലിയന്‍) നിതന്‍ അഗര്‍വാള്‍, ഐജിപി (ട്രെയിനിംഗ്) മഹിപാല്‍ യാദവ്, ഡിഐജി (ട്രെയിനിംഗ്) പി.വിജയന്‍ എന്നിവര്‍ സംബന്ധിക്കും.
കെഎപി ഒന്നാം ബറ്റാലിയനിലെ 236 പേര്‍ രാമവര്‍മപുരം ആസ്ഥാനത്തും കെഎപി രണ്ടാം ബറ്റാലിയനിലെ 88 പേര്‍ പാലക്കാട് മുട്ടിക്കുളങ്ങരയിലുള്ള ബറ്റാലിയന്‍ ആസ്ഥാനത്തും കെഎപി അഞ്ചാം ബറ്റാലിയനിലെ 90 പേര്‍ കോട്ടയത്തെ ഡിറ്റാച്ച്‌മെന്റ് ക്യാമ്പിലുമാണ് ഒമ്പതുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയത്. 103 പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ പരിശീലനാര്‍ത്ഥികള്‍ക്ക് പോലീസ് അക്കാദമിയിലായിരുന്നു ട്രെയിനിംഗ്. റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ ഒമ്പതു മാസത്തെ പരിശീലന കാലയളവില്‍ പരേഡ്, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ഡ്രില്ലുകള്‍, വിവിധ ആയുധങ്ങളിലുള്ള ഫയറിംഗ് എന്നിവയും ഡ്രൈവിംഗ്, നീന്തല്‍, മാര്‍ഷ്യല്‍ ആര്‍ട്‌സ്, യോഗ, കംപ്യൂട്ടര്‍, ഫയര്‍ ഫൈറ്റിംഗ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പ്രഥമ ശുശ്രൂഷ, വിവിധ യുദ്ധമുറകള്‍, ട്രാഫിക് റൂള്‍സ് ആന്‍ഡ് സിഗ്നല്‍സ്, വിവിധ ആക്ടുകള്‍ എന്നിവയിലും പരിശീലനം നല്‍കി.
കേരള പോലീസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 103 പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ ട്രെയിനകള്‍ക്ക് മറ്റു പരിശീലനങ്ങള്‍ക്ക് പുറമെ ഓട്ടോമൊബൈല്‍ മെക്കാനിസത്തിലും ട്രെയിനിംഗ് നല്‍കി. പാസിംഗ് ഔട്ട്് നടത്തുന്ന 517 സേനാംഗങ്ങളില്‍ 58 പേര്‍ ബിരുദാനന്തബിരുദധാരികളും 176 പേര്‍ ബിരുദധാരികളും അതില്‍ പ്ത്തുപേര്‍ എന്‍ജിനീയറിംഗ് ബിരുദധാരികളും രണ്ടുപേര്‍ എല്‍എല്‍ബി ബിരുദധാരികളുമാണ്.
