രാജാക്കന്മാര്‍ക്കു തോല്‍വി തന്നെ!

sp-tholviന്യൂഡല്‍ഹി: പഞ്ചാബിന്റെ യുവരാജാക്കന്മാര്‍ക്ക് ഈ സീസണിലും രക്ഷയില്ലെന്നു തോന്നുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ദയനീയ തോല്‍വിയോടെ പ്രീതി സിന്റയുടെ ടീം ബോക്‌സ് ഓഫീസ് ഫ്‌ളോപ്പിന്റെ സൂചനകള്‍ നല്കിക്കഴിഞ്ഞു. ഇത്തവണ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനോട് എട്ടു വിക്കറ്റിനായിരുന്നു തോല്‍വി. അമിത് മിശ്രയുടെ കുത്തിത്തിരിഞ്ഞ പന്തുകളാണ് കിംഗ്‌സ് ഇലവനെ തകര്‍ത്തത്.

സ്‌കോര്‍: പഞ്ചാബ് 20 ഓവറില്‍ ഒന്‍പതിന് 111, ഡല്‍ഹി 13.3 ഓവറില്‍ രണ്ടിന് 113. ക്വന്റണ്‍ ഡികോക്ക് 42 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെനിന്നു.ടോസ് നഷ്ടപ്പെട്ടതുമുതല്‍ പഞ്ചാബിന്റെ കഷ്ടക്കാലം തുടങ്ങിയതാണ്. രണ്ടാം ഓവറില്‍ മുരളി വിജയാണ് (1) പവലിയനിലേക്കുള്ള ഘോഷയാത്രയ്ക്കു തുടക്കമിട്ടത്. രണ്ടാം വിക്കറ്റായി ഷോണ്‍ മാര്‍ഷ് (13) പുറത്താകുംവരെ 150-160 സ്‌കോറായിരുന്നു പഞ്ചാബിന്റെ പ്രതീക്ഷ.

അമിത് മിശ്രയുടെ പന്തുകള്‍ കുത്തിത്തിരിഞ്ഞതോടെ സന്ദര്‍ശകരുടെ വെടി തീര്‍ന്നു. നാല് ഓവറില്‍ വെറും 11 റണ്‍സ് വഴങ്ങിയ മിശ്രയുടെ ഇരയായത് നാലു മുന്‍നിരക്കാര്‍. 32 റണ്‍സെടുത്ത ഓപ്പണര്‍ മനന്‍ വോറ അഞ്ചാമനായി വീണതോടെ മൂന്നക്കം പോലും തികച്ചേക്കില്ലെന്ന അവസ്ഥയിലായി കിംഗ്‌സ്. മോഹിത് ശര്‍മയും (15) സന്ദീപ് സാഹുവും (18) വാലറ്റത്തു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് 100 കടക്കാന്‍ തുണച്ചത്.

ഡല്‍ഹി നിരയില്‍ പന്തെറിഞ്ഞവരെല്ലാം മികച്ചുനിന്നു. ക്യാപ്റ്റന്‍ സഹീര്‍ ഖാന്റെ പ്രകടനമായിരുന്നു ശ്രദ്ധേയം. നാല് ഓവറില്‍ 14 റണ്‍സാണ് സഹീര്‍ വഴങ്ങിയത്. ഒരു വിക്കറ്റും വീഴ്ത്തി. ചെറിയ ലക്ഷ്യമായിരുന്നതിനാല്‍ രണ്ടാം ഓവറില്‍ ശ്രേയസ് അയ്യരെ (3) നഷ്ടപ്പെട്ടത് ഡല്‍ഹിയെ ബാധിച്ചതേയില്ല. ഉജ്വല ഫോമിലുള്ള ക്വന്റണ്‍ ഡികോക്കും സഞ്ജു വി. സാംസണും ഡെവിള്‍സിനെ രക്ഷാതീരത്തെത്തിച്ചു. ജയം ഉറപ്പിച്ച ഘട്ടത്തില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച് സഞ്ജു പുറത്തായതു മാത്രമായിരുന്നു ഇന്നിംഗ്‌സിലെ ഏക പിഴവ്. 32 പന്തില്‍ 33 റണ്‍സായിരുന്നു മലയാളി താരത്തിന്റെ സമ്പാദ്യം.

Related posts