കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിൽ ജോളിയുള്പ്പെടെയുള്ള മൂന്നു പ്രതികളെയും ഇന്ന് വീണ്ടും താമരശ്ശേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്)യിൽ ഹാജരാക്കും.
പൊന്നാമറ്റം വീട്ടിൽ റോയിയുടെ ഭാര്യയും ഒന്നാംപ്രതിയുമായ ഇടുക്കി കട്ടപ്പന ചോറ്റയിൽ വീട്ടിൽ ജോളി(47), രണ്ടാം പ്രതി കക്കാവയൽ മഞ്ചാടിയിൽ വീട്ടിൽ എം.എസ്.മാത്യു എന്ന ഷാജി(44), മൂന്നാം പ്രതി താമരശ്ശേരി പള്ളിപ്പുറം തച്ചംപൊയിൽ മുള്ളമ്പലത്തിൽ വീട്ടിൽ പ്രജികുമാർ(48) എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുന്നത്.
റോയ് തോമസിനെ സയനൈഡ് ചേർത്ത ഭക്ഷണം നൽകി കൊലപ്പെടുത്തിയ കേസിൽ മൂവരുടെയും റിമാൻഡ് കാലാവധി 19-ന് അവസാനിക്കുന്നതിനാൽ അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകില്ല. പ്രതികളുടെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.
ബുധനാഴ്ച കോടതി സമയം അവസാനിക്കുന്നതിന് പത്ത് മിനുറ്റ് മുമ്പ് മാത്രമാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയിരുന്നത്. കോടതി നടപടികൾ അവസാനിക്കുമ്പോഴേക്കും ആറു മണി പിന്നിടുകയും ചെയ്തിരുന്നു. ഇന്ന് വൈകീട്ട് നാലു മണിക്കകം പ്രതികളെ കോടതിയിൽ ഹാജരാക്കണമെന്നാണ് മജിസ്ട്രേറ്റ് എം.അബ്ദുൾ റഹീമിന്റെ ഉത്തരവ്.