വിവാഹം ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമാക്കി മാറ്റാൻ എല്ലാവരും ശ്രമിക്കാറുണ്ട്.
വിവാഹ ദിനത്തിൽ വ്യത്യസ്തമായി വേദിയിലേക്ക് എത്താൻ ആഗ്രഹിച്ച നവദമ്പതികൾക്ക് നേരിട്ട അനുഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
വിവാഹദിനത്തിൽ ക്ഷണിച്ച അതിഥികൾക്ക് മുൻപിലേക്ക് ജെസിബിയിൽ എത്താനായിരുന്നു ഉദേശിച്ചത്.
അലങ്കരിച്ച ജെസിബിയിൽ എത്തിയെങ്കിലും ജെസിബി ഓപ്പറേറ്റർക്ക് പറ്റിയ പാളിച്ചയിൽ നവ ദമ്പതികൾ നിലപതിച്ചു. ഈ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
വീഡിയോയിൽ ചുവന്ന തിളങ്ങുന്ന തുണി കൊണ്ട് ജെസിബി അലങ്കരിച്ചിട്ടുണ്ട്. ജെസിബിയുടെ എക്സ്കവേറ്ററിൽ പൂക്കൾകൊണ്ട് ഒരുക്കിയ ഇരിപ്പിടത്തിൽ വരനും വധുവും ഇരിക്കുന്നു.
വധു മനോഹരമായ വെളുത്ത ഗൗൺ ധരിച്ചിരുന്നു. കറുത്ത സ്യൂട്ട് ധരിച്ച വരനും. ഇരുവരും വളരെ അധികം സന്തോഷത്തോടെയാണ് ജെസിബിയിൽ ഇരിക്കുന്നത്.
വിവാഹത്തിന് എത്തിയ അതിഥികളെല്ലാം ഇരുവരെയും കൗതുകത്തോടെ വീക്ഷിക്കുന്നതും വീഡിയോയിൽ കാണാം. ഇരുവരും അതിഥികളെ കൈവീശി കാണിക്കുന്നതും പുഞ്ചിരിക്കുന്നതും കാണാം.
എന്നാൽ ജെസിബി ഓപ്പറേറ്റർക്ക് പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെടുകയും എക്സ്കവേറ്ററിന്റെ ബക്കറ്റ് തലകീഴായി മറിയുകയും ചെയ്തു.
പുഞ്ചിരിച്ചു കൊണ്ടിരുന്ന നവദമ്പതികൾ താഴെ അലങ്കരിച്ചു വെച്ച മേശയുടെ മുകളിലേക്ക് വീണു. വീഴ്ചയുടെ ആഘാതത്തിൽ മേശ തകർന്നു പോകുന്നതും കാണാം.