ഏറ്റുമാനൂർ : കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെത്തുടർന്ന് സ്ത്രീ അടക്കം മൂന്നംഗ കുടുംബത്തിന് നേരേ കഞ്ചാവ് മാഫിയയുടെ ആക്രമണം.
കഞ്ചാവ് മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ അച്ഛനും അമ്മയ്ക്കും മകനുമാണ് പരിക്കേറ്റത്. പേരൂർ എംഎച്ച്സി കോളനിയിൽ രാജൻ( 55 ) ഭാര്യ കുഞ്ഞമ്മ ( 50 ), മകൻ അനൂപ് ( 33)എന്നിവർക്കാണ് പരുക്കേറ്റത്.
ഞായറാഴ്ച രാത്രി 8.45ന് പേരൂർ എംഎച്ച്എസി കോളനിയിലാണ് ഒരു കുടുംബത്തെ കഞ്ചാവ് മാഫിയ സംഘം ആക്രമിച്ചത്. വഴി തടഞ്ഞു നിന്ന യുവാക്കളോട് കാർ പാർക്ക് ചെയ്യുന്നതിനു മാറി നിൽക്കണമെന്ന് അനൂപ് ആവശ്യപ്പെട്ടു.
ഇതിൽ പ്രകോപിതരായ പത്തംഗ സംഘം അനൂപ് വീട്ടിലേക്കു കയറുന്ന സമയം ഓടി വന്ന് മർദിക്കുകയു വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.
ശബ്ദം കേട്ട് രാജനും കുഞ്ഞമ്മയും വീടിനു പുറത്തേയ്ക്കു എത്തിയപ്പോൾ ഇരുവരെയും സംഘം ക്രൂരമായി മർദിക്കുകയായിരുന്നു.
അനൂപിന്റെ തലയ്ക്കും കുഞ്ഞമ്മയുടെ കൈയ്ക്കും വെട്ടേറ്റു. രാജന്റെ കാലിനു പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞു ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി. മുൻവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് രാജൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.