ഉളിയില്‍ പാലത്തില്‍ ടാറിംഗ് ഇളകി വന്‍ഗര്‍ത്തം

knr-roadമട്ടന്നൂര്‍: മട്ടന്നൂര്‍-ഇരിട്ടി അന്തര്‍ സംസ്ഥാന പാതയില്‍ ഉളിയില്‍ പാലത്തില്‍ ടാറിംഗ് ഇളകി വന്‍ഗര്‍ത്തം രൂപപ്പെട്ടു. ബൈക്ക് ഉള്‍പ്പെടെയുളള വാഹനങ്ങള്‍ കുഴിയില്‍ അകപ്പെടുന്നത് വര്‍ധിച്ചിരിക്കുകയാണ്. പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.   ബംഗളൂരു, മൈസൂരു ഉള്‍പ്പെടെയുളള സ്ഥലങ്ങളിലേക്ക് ബസ് ഉള്‍പ്പെടെ കടന്നുപോകുന്ന പാലത്തിലാണ് വന്‍കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. പാലത്തിന്റെ ഇരുഭാഗങ്ങളിലും ടാറിംഗ് ഇളകി വന്‍ കുഴിയുണ്ടായതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്.

ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ വീണ് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതിന് പുറമെ ഏതുസമയത്തും പാലത്തില്‍ ഗതാഗതക്കുരുക്കാണ്.   ലോഡുമായി പോകുന്ന ലോറി ഉള്‍പ്പെടെയുളളവ കുഴിയില്‍ അകപ്പെടുന്നതാണ് ഗതാഗതക്കുരുക്കിന് ഇടയാകുന്നത്. രണ്ടുമാസം മുമ്പ് ലോറി പാലത്തിന്റെ കൈവരിയില്‍ ഇടിച്ചുതകര്‍ത്തത് ഇതുവരെ പുതുക്കി പണിയാന്‍ അധികൃതര്‍ തയാറായിട്ടില്ല. രാപ്പകലില്ലാതെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍ പറയുന്നു.

തലശേരി-വളവുപാറ റോഡ് വികസനത്തിന്റെ ഭാഗമായി ഉളിയില്‍ പാലത്തിന് സമീപത്ത് പുതിയ പാലത്തിന്റെ നിര്‍മാണ പ്രവൃത്തി രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ചിരുന്നെങ്കിലും പാലം ഇപ്പോഴും കോണ്‍ക്രീറ്റില്‍ ഒതുങ്ങിയിരിക്കുകയാണ്. പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ പൊതുമരാമത്തിനും കെഎസ്ടിപിക്ക് അധികൃതര്‍ക്കും പരാതി  നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. വാഹനാപകടം ഒഴിവാക്കുന്നതിന് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയാറാകണം.

Related posts