തിരുവല്ല: പോലീസ് പിടിച്ചെടുത്ത ലോറി പൊതുവഴിയില്‍ വാഹനഗതാഗതത്തിനു തടസമാകുന്നു. തിരുവല്ല ഡിവൈഎസ്പി ഓഫീസിനു സമീപമാണ് കഴിഞ്ഞ ആറുമാസത്തിലധികമായി കസ്റ്റഡിയിലെടുത്ത ലോറി റോഡില്‍ തന്നെ ഇട്ടിരിക്കുന്നത്. തിരുവല്ല ശാന്തിനിലയത്തിനു മുന്നിലായാണ് ലോറി പാര്‍ക്ക് ചെയ്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത മൂന്നു ലോറികളാണ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഇതില്‍ രണ്ട് ലോറികള്‍ ഇവിടെ നിന്നും മാറ്റിയെങ്കിലും ഒരു ലോറി ഇപ്പോഴും റോഡില്‍ തന്നെ കിടക്കുകയാണ്. റോഡരികിലാണെങ്കിലും ലോറി പലപ്പോഴും ഗതാഗതക്കുരുക്കിനും വഴിയൊരുക്കുന്നുണ്ട്.
വീതികുറഞ്ഞ റോഡാണെങ്കിലും ഡിവൈഎസ്പി ഓഫീസ്, ശാന്തിനിലയം, ഫഌറ്റുകള്‍ എന്നിവിടങ്ങളിലേക്കുള്ള വാഹനത്തിരക്കേറെയുണ്ട്. എംസി റോഡിലേക്കു വാഹനങ്ങള്‍ കടന്നുപോകാനും ഇതുവഴി കഴിയും. ലോറി തട്ടി സമീപ സ്ഥാപനത്തിലേക്കുള്ള ടെലിഫോണ്‍ ബന്ധവും ഇതുമൂലം വിച്ഛേദിക്കപെട്ടു. നിരവധി തവണ ലോറി മാറ്റണമെന്ന് ആവശ്യമുന്നയിച്ചിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടികളും ഉണ്ടായില്ലെന്നാണ് ശാന്തിനിലയം അധികൃതര്‍ പറഞ്ഞു. ലോറിയുടെ ടയറുകള്‍ മണ്ണില്‍ താഴ്ന്നതിനേത്തുടര്ന്നാണ് ടെലിഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ടതെന്നും പറയുന്നു.
ലോറി മാറ്റാതെ ടെലിഫോണ്‍ തകരാര്‍ പരിഹരിക്കാനാകില്ലെന്നാണ് പറയുന്നത്. ശാന്തിനിലയത്തിന്റെ ഗേറ്റിനോടു ചേര്‍ന്നുള്ള ഭാഗത്താണ് ലോറി പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇതുമൂലം ഇവിടെ നിന്നും റോഡിലേക്ക് വാഹനങ്ങള്‍ ഇറങ്ങുമ്പോള്‍ മറുവശത്തുനിന്നുള്ള വാഹനങ്ങള്‍ കാണാനാകില്ലെന്നും അത് അപകടങ്ങളിലേക്ക് വഴിതെളിക്കുമെന്നും പറയുന്നു.
അപകടങ്ങള്‍ക്കു കാരണമായേക്കാവുന്ന ലോറി റോഡരികില്‍ നിന്നും മാറ്റി ഗതാഗതക്കുരുക്കിനും പരിഹാരമുണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നിരവധി സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ പ്രതിദിനം സഞ്ചരിക്കുന്ന റോഡാണിത്. നിരവധി സ്കൂള്‍ കുട്ടികളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. റോഡിനു വീതിക്കുറവായതിനാല്‍ വലിയവാഹനങ്ങള്‍ കടന്നുവരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ ലോറിക്കും മറ്റു വാഹനങ്ങള്‍ക്കുമിടയില്‍ പെടാനും സാധ്യതയേറെയാണ്. മണ്ണുമായി പിടിച്ചെടുത്ത ലോറിയിലെ മണ്ണ് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.