ജനാധിപത്യത്തിന്റെ ഏറ്റവും സൗമ്യവും അന്തസാർന്നതുമായ മാർഗമുപയോഗിച്ച് ഭരിക്കുന്നവർക്കും പ്രതിപക്ഷത്തുള്ളവർക്കും കേരളത്തിലെ സമ്മതിദായകർ വ്യക്തമായൊരു സന്ദേശം കൊടുത്തിരിക്കുന്നു. യുഡിഎഫിന്റെ വന്പൻ വിജയം അവരുടെ ഉത്തരവാദിത്വം വർധിപ്പിച്ചിരിക്കുകയാണ്. പതിറ്റാണ്ടുകൾ തങ്ങൾ കൈവശം വച്ചിരുന്ന സീറ്റുകൾപോലും നിഷ്കരുണം തിരിച്ചെടുത്ത് ജനം യുഡിഎഫിനു നൽകിയെന്ന് എൽഡിഎഫ് സമ്മതിക്കണം.
പരിമിതമെങ്കിലും തിരുത്താൻ സമയമുണ്ട്. പക്ഷേ, ആനുകൂല്യമെല്ലാം വാങ്ങിയിട്ടു നമുക്കിട്ടു വച്ചു എന്ന ജനാധിപത്യ അവഹേളനമാണ് ഉള്ളിലെങ്കിൽ അർഹിക്കുന്നത് ഇരന്നുവാങ്ങുമെന്നേ പറയാനുള്ളൂ. ഏതായാലും തെരഞ്ഞെടുപ്പു ഫലത്തോടെ രാഷ്ട്രീയ മത്സരം കഴിയണം, ഇനി മുന്നണിയേതായാലും വികസനത്തിൽ മത്സരിക്കാനുള്ള സമയമാണ്. കോർപറേഷന്, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ തൂത്തുവാരിയും ജില്ലാ പഞ്ചായത്തിൽ ഒപ്പത്തിനൊപ്പം നിന്നുമാണ് യുഡിഎഫ് തേരോട്ടം നടത്തിയത്.
ഒരുപക്ഷേ, ജനത്തിന്റെ ഈ ഉള്ളിലിരിപ്പ് യുഡിഎഫ് പോലും തിരിച്ചിറിഞ്ഞിട്ടുണ്ടാകില്ല. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനേക്കാൾ വലിയ വാർത്ത, അവിടെ അര നൂറ്റാണ്ടിനടുത്ത് ഭരിച്ച എൽഡിഎഫിന് അധികാരം നഷ്ടപ്പെട്ടെന്നും യുഡിഎഫ് നില മെച്ചപ്പെടുത്തി എന്നതുമാണ്. നിയമസഭയ്ക്കടുത്ത് താമര വിരിഞ്ഞത് ബിജെപിയുടെ വരവറിയിക്കുന്നതാണ്. രണ്ടു നഗരസഭകളിലും 26 ഗ്രാമപഞ്ചായത്തുകളിലും ബിജെപിക്ക് ഭരണം കിട്ടും.
കൂടാതെ, നിരവധി വാർഡുകളിലും അവർ വിജയിച്ചു. എന്നാൽ, ഇതൊരു വസന്താഗമത്തിന്റെ സൂചനയായി കരുതാനാകില്ല. അവർ ഭരിച്ച പാലക്കാട്ടും ശബരിമലയുടെ സ്വാധീനമുള്ള പന്തളം നഗരസഭയിലും അതിനടുത്തുള്ള കുളനട ഗ്രാമപഞ്ചായത്തിലും പിന്നോട്ടു പോകുകയും ചെയ്തു. പക്ഷേ, തിരുവനന്തപുരത്തെ രാജ്യം ശ്രദ്ധിച്ചു.
കേരളീയരുടെ ഒരേയൊരു പ്രതീക്ഷ എൻഡിഎ ആണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചത് ആത്മവിശ്വാസത്തിന്റെയും രാഷ്ട്രീയതന്ത്രത്തിന്റെയും പ്രകടനമാണ്. തിരുവനന്തപുരം കോർപറേഷനിലെ ഭരണപാളിച്ചകളും ധാർഷ്ട്യവുമൊക്കെ പലവട്ടം ജനം ചൂണ്ടിക്കാണിച്ചതായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം പ്രാദേശിക വിഷയങ്ങളിലാണ് കൂടുതലും ഊന്നൽ നൽകാറുള്ളത്.
എന്നിട്ടും ഇത്തവണത്തെ ഫലം നിരീക്ഷിച്ചാൽ, വോട്ടർമാർ പൊതുവായെടുത്ത രാഷ്ട്രീയ തീരുമാനം ദൃശ്യമാണ്. കോൺഗ്രസ് നയിക്കുന്ന ഐക്യജനാധിപത്യ മുന്നണിയുടെ ഉജ്വലവിജയത്തിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ സൂചനയുണ്ട്. അതായത്, യുഡിഎഫ് വിചാരിച്ചാലല്ലാതെ മാറ്റാനാകാത്ത രാഷ്ട്രീയ മാറ്റം! സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്റെ താത്വികാവലോകനം, എല്ഡിഎഫിനെ പരാജയപ്പെടുത്താന് യുഡിഎഫും ബിജെപിയും പരസ്പരം വോട്ടുകൾ കൈമാറിയെന്നാണ്. അത്തരം അന്തർധാരകൾ ഇരുപക്ഷത്തുമുണ്ടായിരുന്നു.
പക്ഷേ, എന്തുകൊണ്ട് തോറ്റെന്നു ലളിതമായി പറഞ്ഞാൽ, ഭരണപരാജയം അതിനും മുകളിലായിരുന്നു! അവസാനനിമിഷത്തിലെ തട്ടിക്കൂട്ട് ക്ഷേമ പ്രഖ്യാപനങ്ങൾക്കും സ്ത്രീവിഷയവിവാദങ്ങൾക്കും ശ്രദ്ധതിരിക്കാനാവാത്തവിധമുള്ള അന്തർധാര ജനങ്ങളിൽ സജീവമായിരുന്നു. അതു തിരിച്ചറിയണം. തോറ്റ സ്ഥലങ്ങളിൽ വടിവാളുമായി റോന്തു ചുറ്റുന്നവരോട് അവർ യഥാർഥത്തിൽ സ്വന്തം പാർട്ടിയുടെ അന്തകരാണെന്നു പറഞ്ഞുകൊടുക്കുകയും വേണം.
ഈ വിജയം യുഡിഎഫിനു കൂടുതൽ ഉത്തരവാദിത്വം നൽകുന്നുണ്ട്. സംസ്ഥാനത്തിന്റെ സാന്പത്തികത്തകർച്ച, കടക്കെണി, കാർഷിക-വ്യാപാര മേഖലകളിലെ തകർച്ച, വന്യജീവി-തെരുവുനായ ശല്യം, വനം-ആരോഗ്യവകുപ്പുകളുടെ പരാജയം, അഴിമതി, ധൂർത്ത്, പാർട്ടിക്കാരുടെ ധാർഷ്ട്യം, ആശമാരോടുള്ള അവഹേളനം… തുടങ്ങിയവയെല്ലാം ചർച്ചയായ തെരഞ്ഞെടുപ്പായിരുന്നു ഇത്. ഈ വ്യാധികൾ യുഡിഎഫിനെയും ബാധിക്കാവുന്നതാണ്.
ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫ് ബന്ധം ഉജ്വലവിജയത്തിലും കറുത്ത പാടായി. മുസ്ലിം ലീഗിന്റെ ആത്മവിശ്വാസത്തിലും അവരിലുള്ള കോൺഗ്രസിന്റെ വിശ്വാസത്തിലും ഇടിവുണ്ടായെന്ന തോന്നലേ ഇത്തരം കൂട്ടുകെട്ടുകൾ മറ്റുള്ളവർക്കു കൊടുക്കൂ. ചുരുക്കം മണ്ഡലങ്ങളിലെ നിസാരവോട്ടുകളാണോ മതേതരത്വത്തിന്റെ സത്യസന്ധതയാണോ പ്രധാനമെന്ന് യുഡിഎഫ് വിലയിരുത്തേണ്ടിവരും. ഭരണവിരുദ്ധവികാരത്തിന്റെ വേലിയേറ്റത്തിൽ ഒളിപ്പിച്ചതൊക്കെ പിന്നീടു കരയ്ക്കടിയുമെന്നു മറക്കരുത്.
ദിവസങ്ങൾക്കകം പുതിയ തദ്ദേശസ്ഥാപന ഭരണസമിതികൾ നിലവിൽവരും. മാലിന്യസംസ്കരണവും തെരുവുനായ ശല്യവും മുതൽ നൂറായിരം ചുമതലകളുണ്ട്. സമയബന്ധിതമായി അതൊക്കെ പരിഹരിക്കുക. ഏതെങ്കിലും പാർട്ടിയുടെയല്ല, സ്വന്തം നാടിന്റെയും വീടിന്റെയും ഭാവിയാണ് സാധാരണക്കാരുടെ പ്രശ്നം. തോൽവിയെ അംഗീകരിച്ചു പാഠം പഠിക്കുകയും വിജയത്തിൽ അഹങ്കരിക്കാതെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയുമാണ് രാഷ്ട്രീയ പാർട്ടികൾ ചെയ്യേണ്ടത്.
ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരും പരസ്പരം തോൽപിക്കാൻ ഇനി ശ്രമിക്കരുത്. മുന്നണിയേതായാലും ജനത്തെ പീഡിപ്പിച്ചാൽ കനത്ത ശിക്ഷ വിധിക്കുമെന്നും അതു പരമോന്നത കോടതിയായതിനാൽ അപ്പീലില്ലെന്നും മറക്കാതിരിക്കുക.
