രാഷ്ട്രീയ കൊലപാതകങ്ങളിൽ രാജ്യത്തെതന്നെ ഏറ്റവും കുപ്രസിദ്ധമായ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ജയിലിലെ സുഖവാസവും അടിക്കടിയുള്ള പരോളും വാർത്തയായിട്ടും സർക്കാരിനു കൂസലൊന്നുമില്ലായിരുന്നു. ആ ‘ഔദ്യോഗിക ജയിൽചാട്ട’ത്തിന്റെ പുതിയൊരധ്യായമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
പ്രതിയുടെ പരോളിന് ജയിൽ ഡിഐജി കൈക്കൂലി വാങ്ങിയെന്നാണ് വിജിലൻസ് തന്നെ വെളിപ്പെടുത്തിയത്. ഏതായാലും പരോൾ കൊടുക്കണം, എങ്കിൽപ്പിന്നെ പണം വാങ്ങിയിട്ടായാലെന്താണെന്ന് ഡിഐജിക്കും തോന്നിയിട്ടുണ്ടാകും. സംസ്ഥാനത്തെ ക്രമസമാധാനത്തിനും നിയമവാഴ്ചയ്ക്കും സർവീസിലിരുന്നു സയനൈഡ് കൊടുക്കുന്ന കള്ളക്കാവൽക്കാരെ സസ്പെൻഡ് ചെയ്താൽ പോരാ, പരോളില്ലാതെ ജയിലിലാക്കണം.
ഇതിനുമുന്‍പും കൊടികെട്ടിയ കുറ്റവാളികൾക്കു യഥേഷ്ടം പരോൾ ലഭിച്ചിരുന്നതിനാൽ അതേക്കുറിച്ചും അന്വേഷിക്കാവുന്നതാണ്; പാർട്ടി സംവിധാനം ഉപയോഗിച്ചല്ല.
അവിശ്വസനീയമായ അഴിമതിക്കഥകളാണ് ജയിൽ ഡിഐജി വിനോദ് കുമാറിനെതിരേ വിജിലൻസ് വെളിപ്പെടുത്തിയത്.
ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവിൽനിന്നു ഗൂഗിൾപേ വഴി കൈക്കൂലി വാങ്ങിയെന്നാണ് വിവരം. പരോളിനും പരോൾ നീട്ടിനൽകാനും ജയിലിൽ സൗകര്യങ്ങളൊരുക്കാനുമൊക്കെയായി എട്ടു തടവുകാരുടെ ബന്ധുക്കളിൽനിന്ന് 1.80 ലക്ഷം രൂപ വാങ്ങിയത്രേ.
ഭരണ നേതൃത്വവുമായി അടുപ്പമുള്ള ഇദ്ദേഹം ജയിൽ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിരട്ടി കാര്യങ്ങള്‍ നടത്തുമായിരുന്നു. വിയ്യൂർ ജയിലിലെ തടവുകാർക്കു സൗകര്യങ്ങള്‍ ചെയ്യുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥനെ ഏജന്റാക്കിയെന്നാണ് വിവരം. വിനോദ് കുമാറിന്റെ അനധികൃത സ്വത്തുസമ്പാദനവും അന്വേഷിക്കും.
സ്ഥിരമായി ജോലിക്ക് ഹാജരാകാത്തതിന് കണ്ണൂർ ജയിൽ സൂപ്രണ്ടായിരുന്നപ്പോൾ ഇദ്ദേഹം സസ്പെൻഷനിലായിട്ടുണ്ട്. വകുപ്പുതല അന്വേഷണങ്ങളെല്ലാം ഒതുക്കി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡിഐജിയായ വിനോദ് കുമാറിനെ ജയിൽ ആസ്ഥാനത്ത് നിയമിച്ചു.
പരാതികളേറുകയും ജോലിയിൽ വീഴ്ച വരുത്തുകയും ചെയ്തപ്പോൾ ജയിൽ ആസ്ഥാനത്തുനിന്നു മാറ്റണമെന്ന് ജയിൽ മേധാവിമാർ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. വിരമിക്കാൻ നാല് മാസം ബാക്കിനിൽക്കെയാണ് വിജിലൻസ് കേസിൽ കുടുങ്ങിയത്.
യാതൊരു പങ്കും ഗൂഢാലോചനയുമില്ലെന്നു സിപിഎം ആണയിട്ട കേസാണ് ടി.പി. ചന്ദ്രശേഖരൻ വധം. പക്ഷേ, പാർട്ടി ഭരണത്തിൽ, പ്രതികൾക്കു ജയിലിൽ ലഭിച്ച സുഖവാസവും തോന്നുന്പോഴൊക്കെ പുറത്തിറങ്ങാനുള്ള പരോളും കുറ്റവാളിക്കു വിഐപി പരിവേഷം നൽകി.
2024 ഡിസംബര്‍ മുതല്‍ ജൂലൈ 21 വരെയുള്ള ഏഴു മാസത്തിനിടെ മൂന്ന് തവണയായി കൊടി സുനിക്ക് 60 ദിവസത്തെ പരോള്‍ അനുവദിച്ചു. പുറത്തിറങ്ങി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും തടസമായില്ല.
കഴിഞ്ഞ ജൂലൈയിൽ ആർഎസ്എസ് പ്രവർത്തകരെ വധിച്ച കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു തലശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോൾ കൊടി സുനി ഉൾപ്പെടെയുള്ള പ്രതികൾ മദ്യപിച്ചത് പോലീസിന്റെ കാവലിലായിരുന്നു. ജയിലിൽ സ്വന്തം ഫോൺ ഉപയോഗിച്ചതും വിവാദമായിരുന്നു.
പക്ഷേ, ആ വിവാദബോംബുകളൊക്കെ പാർട്ടി നേതാക്കൾ വെറും പടക്കങ്ങളാക്കി മാറ്റി. ഇത്തരം പ്രോത്സാഹനങ്ങളാണ്, പഞ്ചായത്ത് തെരഞ്ഞെടുപ്പു തോൽവിപോലും അംഗീകരിക്കാനാകാതെ ഇന്നും വടിവാൾ പരേഡ് നടത്തുന്ന അടിമകളെ വളർത്തിയത്. ഈ രാഷ്ട്രീയത്തിന്റെ രുചിയറിഞ്ഞവരാണ് കാക്കിക്കുപ്പായമിട്ടു കാശുവാങ്ങി പരോൾ വിതരണം ചെയ്യുന്നത്.
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 828 പോലീസുകാർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടെന്നും എട്ടു പേരെ പിരിച്ചുവിട്ടെന്നും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് 2022 ഡിസംബറിലാണ്.
പിന്നീട് കാര്യമായൊന്നുമുണ്ടായില്ല. ‘ആത്മവീര്യം തകരും’ എന്ന ന്യായം പറഞ്ഞ്, ക്രിമിനൽ പോലീസുകാരെ സംരക്ഷിക്കുന്നതിനെ 2024 മേയിൽ കേരള ഹൈക്കോടതി വിമർശിക്കുകയും ചെയ്തു. എന്നിട്ടും രക്ഷയില്ല. ദുഷിച്ച രാഷ്ട്രീയക്കാർക്ക് അക്രമത്തിനും അഴിമതിക്കുമെതിരേ പ്രസംഗിക്കാനല്ലാതെ പ്രവർത്തിക്കാനാകില്ല.
ഉദ്യോഗസ്ഥർക്ക് അതുറപ്പുണ്ട്. തത്കാലം ഒന്നു പുറത്തിരിക്കാൻ പറയുന്നതുപോലെയുള്ള സസ്പെൻഷനുകൾ അപഹാസ്യമായി മാറി. ഈ പരോൾ വില്പനക്കേസിലും വേണമെങ്കിൽ അഴിമതിക്കാരനെ ശിക്ഷിക്കാനാകും; അഴിമതിയെ തടയാനാകില്ല. അതിനു തത്കാലം രാഷ്ട്രീയം സമ്മതിക്കില്ല.
