കോട്ടയം: സംസ്ഥാനത്ത് എട്ടര പതിറ്റാണ്ടിന്റെ ട്രാക്ക് റിക്കാര്‍ഡുള്ള കെഎസ്ആര്‍ടിസിയുടെ കിതപ്പ് ഉടനെയൊന്നും തീരില്ല. കാലപ്പഴക്കംച്ചെന്ന അണ്‍ഫിറ്റ് ബസുകളിലാണ് ആനത്തലയെടുപ്പോടെ സര്‍വീസ്. ആകെ 4,717 ബസുകളുള്ളതില്‍ 1261 എണ്ണവും പതിനഞ്ച് വര്‍ഷത്തിനു മുകളില്‍ പഴഞ്ചനാണ്.
ഓടി പഴഞ്ചനായ ഈ ബസുകള്‍ പിന്‍വലിക്കേണ്ട കാലം കഴിഞ്ഞു. അഞ്ചു വര്‍ഷം സൂപ്പര്‍ ഫാസ്റ്റായും എട്ടു വര്‍ഷത്തോളം ഫാസ്റ്റ് പാസഞ്ചറുമായി ഓടിയശേഷം വേണ്ടത്ര അറ്റുകുറ്റപ്പണിയോ ഫിറ്റ്നസോ ഇല്ലാതെ ഇവ കിതപ്പോടെ ഓര്‍ഡിനറി സര്‍വീസിലാണ്. കോട്ടയം-കുമളി, കോട്ടയം-കട്ടപ്പന, കട്ടപ്പന-ചങ്ങനാശേരി ഉള്‍പ്പെടെ ദിവസം 400 കിലോമീറ്റർ വരെ ഇവ ഓടിക്കുന്നു. ഒന്‍പത് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ആകെ ബസുകള്‍ 673 എണ്ണം മാത്രം.
ഒന്‍പത് വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ പഴകിയവ 857 എണ്ണം. 698 ബസുകളുടെ പഴക്കം പതിനാലിനും പതിനഞ്ചിനുമിടയിലാണ്. 12 മുതല്‍ 13 വരെ വര്‍ഷം പഴകിയ 519 ബസുകള്‍. 13 മുതല്‍ 14 വര്‍ഷം പഴകിയ 193 വണ്ടികള്‍. 11 മുതല്‍ 12 വരെ വര്‍ഷം പഴകിയത് 362 വണ്ടികള്‍.കല്യാണം, വിനോദയാത്ര എന്നിവയ്ക്കു നല്കുന്ന ബസുകള്‍ പലപ്പോഴും സുരക്ഷിതമല്ല. കല്യാണം ഉള്‍പ്പെടെ സ്പെഷല്‍ ഓട്ടത്തിന് വേണാട് ബസുകളാണ് നല്‍കുക.
ദിവസം 12,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്. ടൂറിസ്റ്റ് ബസുകളുടെ അതേ നിരക്കാണ് പഴഞ്ചന്‍ കെഎസ്ആര്‍ടിസി ബസിനും ഈടാക്കുക. പാക്കേജ് ടൂറുകള്‍ക്ക് മാത്രമാണ് സുരക്ഷിതമായ ബസുകള്‍ വിട്ടുകൊടുക്കുക.സ്പെഷല്‍ സര്‍വീസുകള്‍ക്ക് മുന്‍പും ശേഷവും ബസുകളുടെ ഫിറ്റ്നസ് പരിശോധന നടത്താറില്ല. ഗവി, തേക്കടി, കുമളി, അതിരപ്പള്ളി തുടങ്ങിയ യാത്രകളില്‍ ബസുകള്‍ വനപ്രദേശത്തെ റോഡില്‍ കേടായാല്‍ യാത്രക്കാരുടെ സുരക്ഷ വലിയ ഭീഷണിയാണ്. പഴഞ്ചന്‍ ബസുകളുടെ എന്ജിന് എടുത്തശേഷം തട്ടുകടളും മറ്റുമായി ഡിപ്പോകളോടു ചേര്‍ന്നു വാടകയ്ക്കു നല്കുന്ന പദ്ധതി തുടങ്ങിയെങ്കിലും വിജയിച്ചില്ല.
